മുംബൈ: ഭാരത വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമയിര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കാമെന്ന് ഭാരത ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ).
കാറപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിശ്രമത്തിലിരിക്കുന്ന പന്തിന് ഇക്കുറി വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്നെ കളിക്കാനാകുമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘം അനുമതി നല്‍കിയത്. ഇതോടെ ദിവസങ്ങള്‍ക്കകം ആരംഭിക്കുന്ന ടാറ്റാ ഐപിഎല്‍ 17-ാം സീസണില്‍ താരം ദല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ 14 മാസമായി പന്ത് വിശ്രമത്തിലാണ്. കഴിഞ്ഞ ഐപിഎല്‍ പൂര്‍ണമായും ഐസിസി ഏകദിന ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. ദല്‍ഹി നായകനായ പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ആണ് കഴിഞ്ഞ ഐപിഎലില്‍ ടീമിനെ നയിച്ചത്.
2022 അവസാനം ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് പന്ത് അവസാനമായി കളിച്ച മത്സരം. അതേ വര്‍ഷം ഡിസംബര്‍ 30ന് പുലര്‍ച്ചെ സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് സ്വയം കാറോടിച്ച് പോകും വഴിയാണ് അപകടമുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് താരം പരിശീലനം തുടങ്ങിയതായുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തവണത്തെ ഐപിഎലില്‍ കളിച്ചേക്കുമെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് അഭ്യൂഹങ്ങളും പരന്നിരുന്നു. വരുന്ന 22മുതലാണ് ഇത്തവണത്തെ ഐപിഎല്‍ ആരംഭിക്കുക.
അതേസമയം മറ്റൊരു ഭാരത ക്രിക്കറ്റ് താരം പ്രസിദ്ധ് കൃഷ്ണ ഇത്തവണത്തെ ഐപിഎലിനുണ്ടാവില്ലെന്ന് ബിസിസിഐ ഇന്നലെ തീര്‍ച്ചപ്പെടുത്തി. കാല്‍മുട്ടിന് താഴെയുള്ള ഭാഗത്ത് ശസ്ത്രിക്രിയ ആവശ്യമായതിനാല്‍ ഈ പേസ് ബൗളറെ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. രാജസ്ഥാന് റോയല്‍സ് പേസ് ബൗളറായ പ്രസിദ്ധ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐപിഎലില്‍ കളിക്കാനാവാതെ വരുന്നത്. അരക്കെട്ടിന്റെ ഭാഗത്ത് പരിക്കേറ്റതിനാലാണ് താരത്തിന് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.
അതില്‍ നിന്നെല്ലാം മോചിതനായി കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധിന് വീണ്ടും പിരക്ക് പ്രശ്നമായി. കാലിലേറ്റ ആ പരിക്കാണ് ഇത്തവണത്തെ ഐപിഎല്‍ സീസണ് ഒഴിവാക്കേണ്ട സ്ഥിതിയിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് താരത്തിന് ഇത്തവണത്തെ രഞ്ജി ട്രോഫിയിലും കളിക്കാന്‍ സാധിച്ചില്ല.
പ്രസിദ്ധിന്റെ അഭാവം മുന്‍കൂട്ടി കണ്ട് താരലേലത്തില്‍ രാജസ്ഥാന് റോയല്‍സ് മറ്റൊരു പേസ് ബൗളര്‍ ആവേശ് ഖാനെ ഇക്കുറി ടീമിലെത്തിച്ചിട്ടുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്നാണ് ആവേശ് ഖാനെ രാജസ്ഥാന് സ്വന്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന ഭാരതത്തിന്റെ സൂപ്പര്‍ ബേസ് ബൗളര്‍ മുഹമ്മദ് ഷമി ഐപിഎലിനുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം തീര്‍ച്ചപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും താരം ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: