തിരുവനന്തപുരം: നിരവധി കലകള്‍ അരങ്ങേറിയ കൂത്തമ്പലത്തില്‍ ഇന്ന് ചിക്കനും ബീഫും മട്ടനും വിളമ്പുന്ന ദുരവസ്ഥ. കവിതകള്‍ ചൊല്ലിയ കല്‍മണ്ഡപം വിവാഹ സത്കാരത്തിനായുള്ള വധൂവരന്മാരുടെ സ്വീകരണ വേദി. ഇതോടെ കല്‍മണ്ഡപത്തിലിരുന്ന് ആസ്വദിച്ച് കവിതകള്‍ ചൊല്ലിയ കവികളെല്ലാം കളം വിട്ടൊഴിഞ്ഞു. കലകളുടെ ഗവേഷണം സീരിയല്‍ ഷൂട്ടിങ്ങിന് വഴിമാറി.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ദുരവസ്ഥയില്‍ കേഴുകയാണ് തലസ്ഥാനത്തെ കലാകാരന്മാര്. എല്ലാ വര്‍ഷവും നല്കുന്ന ബജറ്റ് വിഹിതം ഇക്കുറിയില്ല. സര്‍ക്കാര്‍ വേറൊരു സഹായവും നല്‍കുന്നുമില്ല, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍…
നിത്യനിദാന ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ കവിയെയും പ്രഖ്യാപിത ലക്ഷ്യങ്ങളെയും മറന്ന് കൂത്തമ്പലം മറ്റാവശ്യങ്ങള്‍ക്കായി കൊടുക്കേണ്ടി വന്നു. ഭരണസമിതി ചെയര്‍മാനായ സാംസ്കാരിക മന്ത്രി കേന്ദ്രത്തിന്റെ നിലനില്‍പ്പിന് ഒന്നും ചെയ്യുന്നുമില്ല. സഹായിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ ദയാവധത്തിനു വിധേയമാക്കുന്നതാണ് നല്ലതെന്ന് കവികളും സാംസ്കാരിക നായകരും പറയുന്നു.
കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സമുച്ചയമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
കേരളീയ വാസ്തുവിദ്യാ സമ്പ്രദായമനുസരിച്ച് കൂത്തമ്പലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആര്‍ട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് എന്നിവയുണ്ട്. കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നള്ള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2001ലാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന് ഉദ്ഘാടനം ചെയ്തത്.
മന്ത്രി ചെയര്‍മാനായ ഇരുപതംഗ ഭരണസമിതിക്കും എട്ടംഗ നിര്‍വാഹക സമിതിക്കുമാണ് ഭരണച്ചുമതല. കേരളീയ കലകളെയും സംസ്കാരത്തെയും കുറിച്ച് ഉപരി പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് വിശാലമായ ഗ്രന്ഥശാലയും 2008 മുതല്‍ ഇവിടെയുണ്ട്.
സര്‍ക്കാര്‍ ഗ്രാന്റ് നല്കാത്തതിനാല് കേന്ദ്രം നടത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ കല്യാണ, പിറന്നാള്‍ പാര്‍ട്ടികള്‍ക്കും സിനിമ, സീരിയല്‍ ചിത്രീകരണത്തിനും വാടകയ്ക്ക് നല്കുകയാണിപ്പോള്. കൂത്തമ്പലം, കല്‍മണ്ഡപം, നൃത്തമണ്ഡപം ഉള്‍പ്പടെയുള്ളവ വാടകയ്ക്കു നല്കാന് തീരുമാനിച്ചു. മാംസാഹാരമുള്‍പ്പെടെയുള്ളവ വിളമ്പുന്നതിന് അനുമതിയും നല്കി.
കല്‍മണ്ഡപത്തിലിരുന്ന് പാടിയും കവിതകള്‍ ചൊല്ലിയും പ്രശസ്തരായ കവികളുണ്ട്. നൃത്തം അവതരിപ്പിച്ച് പ്രശസ്തരായവരും ഏറെ. സാംസ്കാരിക നായകരുടെ വാദ പ്രതിവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അവരെല്ലാം അറിയപ്പെടുന്നവരായി. ഇന്നു സര്‍ക്കാരിന്റെ പരിലാളനയില്‍ വിവിധ കോര്‍പറേഷനുകളുടെ തലപ്പത്ത് സുഖലോലുപതയുടെ ശീതളച്ഛായയില്‍ അവര്‍ പരിലസിക്കുന്നുമുണ്ട്. എന്നാല്‍ പ്രിയകവിയുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന് ഇത്രയും ദുരവസ്ഥയായിട്ടും തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ലെന്നതാണ് ഏറെ സങ്കടകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: