ഓസ്കറിൽ ഇങ്ങനെ മിന്നിത്തിളങ്ങുകയാണ് ക്രിസ്റ്റഫർ നോളനും ഓപ്പൺഹൈമറും. ഏഴ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ഈ നൂറ്റാണ്ടിന്റെ സിനിമയായി മാറിയിരിക്കുകയാണ് ഓപ്പൺഹൈമർ. ആറ്റംബോംബിന്റെ പിതാവ് ഓപ്പൺഹൈമറിന്റെ കഥ പറഞ്ഞ ചിത്രം. 2013 ജൂലൈ 21-നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ പുറത്തിറങ്ങിയതോടെ അതിന്റെ മേക്കിങ്ങിനെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും എമ്പാടും ചർച്ചകളുയർന്നു. എന്നാൽ ഇന്ത്യയിൽ ചർച്ച മറ്റൊരു തരത്തിലായിരുന്നു.
സിനിമയിലെ ഒരു സീനായിരുന്നു ചില ആളുകളുടെ പ്രശ്നം. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഓപ്പൺഹൈമർ ഭഗവത് ഗീത വായിക്കുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും അത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ രംഗത്തെത്തി. എങ്ങനെയാണ് സെൻസർ ബോർഡ് ഈ രംഗത്തിന് അനുമതി നൽകിയതെന്നും ചോദ്യം ഉയർന്നു. കിലിയർ മർഫിയാണ് ഓപ്പൺഹൈമറിന്റെ വേഷം ചെയ്തത്.
‘ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ സംസ്കാരത്തിന് നൽകിയ ദൈവികമായ സമ്മാനമായ ഭഗവദ് ഗീത ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ഗ്രന്ഥങ്ങളിലൊന്നാണ്. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും നിസ്വാർത്ഥമായ ശ്രേഷ്ഠമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്ന എണ്ണമറ്റ സന്യാസിമാർക്കും ബ്രഹ്മചാരികൾക്കും ഇതിഹാസങ്ങൾക്കും ഗീത പ്രചോദനമാണ്, ഇങ്ങനെയൊരു രംഗത്തിന് എങ്ങനെ അനുമതി നൽകി’. സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രസ്താവന പങ്കുവച്ച് വിവരാവകാശ കമ്മീഷണർ ഉദയ് മഹുർകർ ചോദിച്ചത് ഇങ്ങനെയായിരുന്നു.
നിരവധിപ്പേരാണ് സിനിമയെ ബഹിഷ്ക്കരിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രണ്ടാം ലോക മഹായുദ്ധ കാലത്തെയും മാൻഹാട്ടൻ പദ്ധതിയെക്കുറിച്ചുമെല്ലാമാണ് നോളൻ സിനിമയിൽ വരച്ചുകാട്ടുന്നത്. ആറ്റംബോംബിന്റെ പിതാവ് ഓപ്പൺഹൈമറിന്റെ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങളെ സിനിമയിലൂടെ വിവരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: