ന്യൂദല്‍ഹി: രോഗപ്രതിരോധത്തിനുള്ള ഭാരതത്തിന് അശ്രാന്തപരിശ്രമത്തിന് അംഗീകാരം. വാഷിങ്ടണ്‍ ഡിസിയിലെ അമേരിക്കന്‍ റെഡ് ക്രോസ് ആസ്ഥാനത്ത് മീസില്‍സ് ആന്‍ഡ് റുബെല്ല ചാമ്പ്യന്‍ അവാര്‍ഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി ഭാരത എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് അംബാസഡര്‍ ശ്രീപ്രിയ രംഗനാഥന് ഏറ്റുവാങ്ങി.
അമേരിക്കന്‍ റെഡ് ക്രോസ്, യുനിസെഫ്, ലോകാരോഗ്യസംഘടന തുടങ്ങി ആറോളം ഏജന്‍സികള്‍ ഉള്‍പ്പെടുന്നതാണ് മീസില്‍സി ആന്‍ഡ് റുബെല്ല പാര്‍ട്ണര്‍ഷിപ്പ്. പൊതുജനാരോഗ്യത്തോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനുള്ള മികച്ച നേതൃത്വവും പരിഗണിച്ചാണ് പുരസ്കാരം.
നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, സമഗ്രമായ ഇടപെടലുകളിലൂടെ അഞ്ചാംപനി, റുബെല്ല കേസുകള്‍ കുറയ്ക്കുന്നതില്‍ ഭാരതം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ എംആര്‍ വാക്സിനേഷന് കാമ്പയ്നും ശക്തമായ നിരീക്ഷണ സംവിധാനങ്ങളും ഫലപ്രദമായ പൊതുജന-ബോധവല്‍ക്കരണ സംരംഭങ്ങളും ജനസംഖ്യയുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യത്തെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യപരിപാലന വിദഗ്ധര്‍ തുടങ്ങിയവരുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് ഈ അവാര്‍ഡ്.
ഈ ശ്രമങ്ങളുടെ ഫലമായി 50 ജില്ലകളില്‍ തുടര്‍ച്ചയായി അഞ്ചാംപനി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, ഒരു വര്‍ഷത്തിനിടയില്‍ റുബെല്ല റിപ്പോര്‍ട്ട് ചെയ്യാത്തത് 226 ജില്ലകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: