അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര ചുവടുവയ്പ്പുമായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങ് മികവിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച താരമാണ് ദേവ്ദത്ത്.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള പ്രകടനം അര്‍ദ്ധസെഞ്ചുറിയോടെ ഗംഭീരമാക്കിയിരിക്കുകയാണ് താരം. മലപ്പുറത്തെ എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം കേരളം വിട്ടതോടെയാണ് മറുനാട്ടുകാരന് എന്ന ലേബലില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ കര്ണാടകയ്ക്കുവേണ്ടിയാണ് താരം കളിക്കുന്നത്. 11-ാം വയസുമുതല്‍ ആരംഭിച്ചതാണ് ക്രിക്കറ്റ് ജീവിതം. കൗമാര പ്രായത്തില്‍ വിജയ് ഹസാരെ ട്രോഫിയിലടക്കം കാഴ്ച്ചവച്ച പ്രകടനമികവ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുടക്കി. കോവിഡ് പ്രതിസന്ധികാലത്താണ് ഐപിഎല്ലില്‍ സജീവമായത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ആദ്യ സീസണില്‍ തുടരെ മൂന്ന് അര്‍ദ്ധസെഞ്ചുറി നേടിക്കൊണ്ട് തുടങ്ങിയ താരം സീസണില്‍ 400ന് മേല്‍ റണ്സുകളടിച്ചുകൂട്ടി സീസണിലെ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് നേടിയെടുത്തു. തൊട്ടടുത്ത സീസണിലും 400ന് മേല്‍ സ്കോര്‍ ചെയ്ത് ഐപിഎലിലെ പൊന്നും താരമായി. പിന്നീട് രാജസ്ഥാന് റോയല്‍സും അവിടെ നിന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സും താരത്തെ റാഞ്ചിയെടുത്തു.
ഇപ്പോഴിതാ ക്രിക്കറ്റര്‍മാരുടെ കരിയറിനെ അടയാളപ്പെടുത്തുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ വിരുത് തെളിയിച്ചിരിക്കുന്നു. അതും ഇംഗ്ലണ്ടിനെ പോലെ ശക്തരായ ടീമിനെതിരെ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനിലിറങ്ങിയാണ് അത്യുഗ്രന്‍ പ്രകടനം കാഴ്ച്ചവച്ചത്. 103 പന്തുകള്‍ നേരിട്ട താരം പത്ത് ബൗണ്ടറിയും ഒരു സിക്സറും സഹിതം 65 റണ്‍സെടുത്താണ് മടങ്ങിയത്. ഭാരത ഇന്നിങ്സിലേക്ക് വിലപ്പെട്ട സംഭാവനയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: