കായംകുളം: ബിജെപി ദക്ഷിണമേഖല ഉപാദ്ധ്യക്ഷനും കായംകുളം നഗരസഭാ മുന്‍ കൗണ്‍സിലറുമായ കായംകുളം കല്ലുംമൂട്, ഭാഗ്യഭവനത്തില്‍, ഡി.അശ്വനിദേവ് (56) അന്തരിച്ചു. 2022 ആഗസ്ത് 17ന് കായംകുളം എരുവയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം അബോധാവസ്ഥയിലായിരുന്നു. മികച്ച വാഗ്മിയും, മതപ്രഭാഷകനും, സംഘാടകനുമായിരുന്നു. പുതിയിടം ശ്രീരാമകൃഷ്ണാശ്രമവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1983ലാണ് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായത്.
എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോര്‍ച്ച ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി, 2007 മുതല്‍ 2010 വരെ ബിജെപി കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, ബിജെപി സാംസ്കാരിക സെല്ലിന്റെ സംസ്ഥാന കണ്‍വീനര്‍, കായംകുളം മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, എന്‍ഡിഎ ആലപ്പുഴ ജില്ലാ കണ്‍വീനര്‍, മോദി കള്‍ച്ചറല്‍ സൊസൈറ്റി സ്ഥാപകന്‍ തുടങ്ങി നിരവധികളായ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2016ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശബരിമല തീര്‍ത്ഥാടക പദയാത്ര സംഘത്തെ 34 വര്‍ഷം നയിച്ച ഗുരുസ്വാമി കൂടിയായിരുന്നു അശ്വനിദേവ്. കായംകുളത്തെ വിവിധ സാംസ്കാരിക മേഖലകളിലും രാഷ്ട്രീയ മേഖലകളിലും അശ്വനിദേവിന്റെ മരണം തീരാനഷ്ടമാണ്.
പരേതരായ ഭാഗവതര്‍ ദിവാകരപ്പണിക്കരുടേയും നൃത്തഅദ്ധ്യാപികയായ കമലമ്മയുടെയും മകനാണ്്.സഹോദരങ്ങള്‍: പ്രകാശ് (ഗോവ), ശ്രീകല, ഭാഗ്യാമ്മ, പ്രകാശിനി, ശിവപ്രകാശ്. സംസ്ക്കാരം ഒന്‍പതിന് വൈകിട്ട് നാലിന് കായംകുളത്തെ കുടുംബവീട്ടില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: