ശ്രീനഗര്‍: എന്റെ സുഹൃത്ത് നസിമിനൊപ്പം എന്ന കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ച ഒരു സെല്‍ഫി ഇപ്പോള്‍ ലോകം കീഴടക്കുകയാണ്. പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ വികസിത് ഭാരത് പദ്ധതി ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പുല്‍വാമയില്‍ നിന്നുള്ള നസിം നസീര്‍ എന്ന ചെറുപ്പക്കാരന് ഒരു സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ചത്. ഏറെ സന്തോഷത്തോടെ, നിറഞ്ഞ ചിരിയോടെ പ്രധാനമന്ത്രിസെല്ഫിക്കു പോസ് ചെയ്തു. പിന്നീട് അദ്ദേഹം അത് എക്സില്‍ ആ ചിത്രം പങ്കുവച്ചു. എന്റെ സുഹൃത്ത് നസിമിനൊപ്പം എന്നും ഓര്‍ത്തിരിക്കുന്ന സെല്‍ഫി. അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു എന്ന അടിക്കുറിപ്പും.
മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് റീപോസ്റ്റുകള്‍, ലക്ഷക്കണക്കിന് ലൈക്കുകള്‍… മാറിയ ജമ്മു കശ്മീര്‍ യുവത്വത്തിന്റെ ആഹ്ലാദ പ്രതീകമായി ആ ചിത്രം. എല്ലാവര്ക്കും ഒന്നറിയണം, മോദി സുഹൃത്ത് എന്നു വിശേഷിപ്പിച്ച നസിം നസീര്‍ ആരാണ്? കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നസിമിനോടു പറഞ്ഞു, താങ്കള്‍ മധുരതരമായ ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കുകയാണ്.
പുല്‍വാമയിലെ അല്‍ നഹാല്‍ ഹണി എന്ന സംരംഭത്തിനാണ് നസിം നസീര്‍ തുടക്കമിട്ടത്. ചെറുതേന്‍ വ്യാപാരത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയോടു നസിം വിശദീകരിച്ചു. 2019ല്‍ മുന്നൂറ്റെഴുപതാം വകുപ്പു റദ്ദാക്കിയതിനു ശേഷം കശ്മീരിലെ യുവജനങ്ങള്‍ ഏതു ദിശയിലാണ് മാറി ചിന്തിച്ചതെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ എങ്ങിനെയാണ് പിന്തുണ നല്‍കിയതെന്നും നസിമിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം.
2018ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ട് തേനീച്ചക്കൂടുകളുമായി തുടക്കം. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം അമ്പതു ശതമാനം സബ്സിഡിയോടെ 25 തേനീച്ചക്കൂടുകള്‍ സജ്ജമാക്കി. ആ 25 കൂടുകളില്‍ നിന്ന്, 75 കിലോ തേന്‍ വിറ്റു, സമ്പാദ്യം 60,000 രൂപ. 2020ല്‍ പിഎംഇജിപി (പ്രധാനമന്ത്രി തൊഴില്‍ സംരംഭകത്വ പദ്ധതി)പ്രകാരം നസിമിന് അഞ്ചു ലക്ഷം രൂപ ലഭിച്ചു. തേനീച്ചപ്പെട്ടികളുടെ എണ്ണം 200 ആയി. അല്‍ നഹാല്‍ ഹണിക്ക് വെബ്സൈറ്റും ലോഞ്ച് ചെയ്തു. 2023ല്‍ 5000 കിലോ തേനാണ് വിറ്റത്. ഇപ്പോള്‍ കമ്പനിയില്‍ 100 പേര് ജോലി ചെയ്യുന്നു. കമ്പനിക്ക് എഫ്പിഒ പദവിയും ലഭിച്ചു.
ഇത്രയും കേട്ടപ്പോള്‍ പ്രധാനമന്ത്രി ചോദിച്ചു, നസിം ആരായിത്തീരണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. ഡോക്ടറോ എന്‍ജിനീയറോ എന്നു മറുപടി. നസിം ഡോക്ടറോ എന്‍ജിനീയറോ ആവുമായിരുന്നു. പക്ഷേ ആ വഴി തെരഞ്ഞെടുക്കാതെ നിങ്ങള്‍ ഇപ്പോള്‍ കശ്മീരിന്റെ മധുരവിപ്ലവത്തെ നയിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായി മനസിലാക്കണം എന്നാണ് നസിം കശ്മീരിലെ യുവാക്കളോട് ആവശ്യപ്പെടുന്നത്. മുമ്പ് സംരംഭങ്ങളെ സഹായിക്കുന്ന പദ്ധതികള്‍ കുറവായിരുന്നു. ഇപ്പോള്‍ ധാരാളം പദ്ധതികളുണ്ട്. അതു പ്രയോജനപ്പെടുത്തണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്റെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. അദ്ദേഹവുമായി സംവദിക്കാന്‍ കഴിഞ്ഞതും സെല്‍ഫിയെടുത്തതും ജീവിതത്തിലെ ഏറെ ആഹ്ലാദഭരിതമായ, അവിസ്മരണീയമായ അനുഭവമാണ്, നസിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: