സന: ചെങ്കടലില്‍ ഗ്രീക്ക് ചരക്കുകപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു. ഏദന്‍ ഉള്‍ക്കടലില്‍വെച്ചാണ് അപകടം. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നെങ്കിലും ആദ്യമായാണ് നാവികര്‍ കൊല്ലപ്പെടുന്നത്.
ബാര്‍ബഡോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഏദനിലെ യെമന്‍ പോര്‍ട്ടില്‍ നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തുവെച്ചാണ് ഹൂതികള്‍ ട്രൂ കോണ്‍ഫിഡന്‍സ് കപ്പലിനെ ആക്രമിക്കുന്നത്. അപകടത്തില്‍ നാല് നാവികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്.
അപകടത്തില്‍ കപ്പലിന് തീപിടിച്ചിട്ടുണ്ട്. യുഎസിന്റെ യുദ്ധക്കപ്പലും ഭാരത നാവിക സേനയുടെ ഐഎന്‍എസ് കൊല്‍ക്കത്തയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ആക്രമണത്തില്‍ കപ്പലിന്റെ കുറേ ഭാഗത്തേയ്ക്ക് തീപടര്‍ന്നിട്ടുണ്ട്. കപ്പലിലെ ജീവനക്കാര്‍ എത്രപേരുണ്ടായിരുന്നെന്ന് കൃത്യമല്ല. പരിശോധന നടത്തി വരികയാണെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.
ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കണം. നാവികരുടെ ജീവനും പരിസ്ഥിതിക്കും ഇത് ആപത്താണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആക്രമണത്തിന് മുന്നേ റെക്കോര്‍ഡ് ചെയ്ത ഒരു ഓഡിയോ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞദിവസവും ഏദന്‍ ഉള്‍ക്കടലില്‍വച്ച് ഹൂതികള്‍ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡ് കപ്പലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഐഎന്‍എസ് കൊല്‍ക്കത്തയാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് സ്വിസ് കപ്പല്‍ സുരക്ഷിത സ്ഥലത്ത് എത്തിച്ചേര്‍ന്നതിന് ശേഷമാണ് നാവികസേനാ സംഘം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: