തിരുവനന്തപുരം: സ്ത്രീകള്‍ നയിക്കുന്ന രാജ്യം എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വാമനപുരത്ത് നാരീ ശക്തി അഭിയാനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ സ്ത്രീ കേന്ദ്രീകൃതമാണ്. സ്വച്ഛ് ഭാരത് മിഷന്, ജലജീവന്‍ മിഷന്, ഉജ്വല്‍ യോജന, മുദ്രാലോണ്‍ എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ത്രീ ശാക്തികരണം സാധ്യമാക്കി.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം സങ്കല്പ് പത്രത്തിലൂടെ രാജ്യത്തിന് നല്കിയ വാഗ്ദാനമായിരുന്നു 33 ശതമാനം സംവരണം. മുന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കിയപ്പോള്‍ എന്‍ഡിഎ അത് സാധ്യമാക്കി. നരേന്ദ്രമോദി മന്ത്രിസഭയില്‍ നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും ശോഭാ കരന്തലജെയും മീനാക്ഷി ലേഖിയുമൊന്നും വന്നത് കുടുംബത്തിന്റെ പിന്തുടര്ച്ചക്കാരായതിനാലല്ല, അവരുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ പ്രതിഷേധിച്ചാല്‍ ഏതു ഭരണാധികാരിയും മുട്ടുകുത്തും എന്നതിന്റെ തെളിവായിരുന്നു ശബരിമല പ്രക്ഷോഭം. അതുതന്നെയാണ് ബംഗാളിലെ സന്ദേശ്ഖാലിയിലും കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ ആലങ്കോട് ദാനശീലന്, പൂവത്തൂര്‍ ജയന്, സംസ്ഥാന കൗണ്‍സില്‍ അംഗം കല്ലിയോട് രാമചന്ദ്രന്, ജില്ലാകമ്മറ്റി അംഗങ്ങളായ ആട്ടുകാല്‍ അശോകന്, ലാലി സതീശന്, മണ്ഡലം പ്രസിഡന്റ് ആര്.വി. നിഖില്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് തുഷാര, ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം പ്രേംരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി വേണുകാരണവര്‍, മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: