കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ച സംഭവത്തില്‍ കൊലയാളി കാട്ടുപോത്തിനെ കൊല്ലില്ലെന്ന് ജില്ലാ കളക്ടര്‍ . ഇതോടെ യുഡിഎഫ് നേതാക്കളുമായി നടത്തിയ രണ്ടാം ചര്‍ച്ചയും പരാജയപ്പെട്ടു.
കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്മോര്‍ട്ടവും ഇന്‍ക്വസ്റ്റും നടത്താന്‍ അനുവദിക്കില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും വരെ പ്രതിഷേധം തുടരുമെന്നും പറഞ്ഞു.
അതേസമയം എബ്രഹാമിന്റെ കുടുംബം ജില്ലാ കലക്ടര്‍ക്ക് ആവശ്യങ്ങള്‍ എഴുതി നല്കി. കോഴിക്കോട് ഡിഎഫ്ഒയെയും പെരുവണ്ണാമൂഴി റെയ്ഞ്ചറെയും പിരിച്ച് വിടണം എന്ന് കത്തില്‍ ആവശ്യമുണ്ട്. ഇവര്‍ക്ക് എതിരെ മനപൂര്‍വമായ നരഹത്യക്ക് കേസ് എടുക്കണം. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം. സഹായധനമായി കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കണം. ഇതില്‍ തന്നെ 25 ലക്ഷം രൂപ ഒരു ദിവസത്തിനകം നല്‍കണം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും കത്തില്‍ ആവശ്യമുണ്ട്.
കക്കയം സ്വദേശി കര്‍ഷകനായ പാലാട്ടില്‍ എബ്രഹാമിനെ ഇന്നലെ രാവിലെയാണ് കൃഷിയിടത്തില്‍ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചു.
എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു. താപനില ഉയര്‍ന്നത് കാരണം കാട്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. ജനങ്ങളാരും വനത്തില്‍ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: