ന്യൂദൽഹി: ജുഡീഷ്യൽ പരിസരം വിപുലീകരിക്കുന്നതിനായി ദൽഹി ഹൈക്കോടതിക്ക് സ്ഥലം അനുവദിച്ചത് ചൂണ്ടിക്കാട്ടി ജൂൺ 15-നകം റൂസ് അവന്യൂവിലെ ഓഫീസുകൾ ഒഴിയാൻ ആം ആദ്മി പാർട്ടിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാർട്ടിക്ക് കുറച്ച് സമയം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. അതേ സമയം ഇത് കയ്യേറ്റക്കേസാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവിടെ ശാശ്വതമായി തുടരാൻ എഎപിക്ക് നിയമപരമായ അവകാശമില്ലെന്ന് പറഞ്ഞു.
“ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അതിൽ എങ്ങനെ ഇരിക്കാനാകും? എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യും. ഹൈക്കോടതിക്ക് ഭൂമിയുടെ കൈവശവകാശം നൽകണം, അത് പൊതുജനങ്ങൾക്കും പൗരന്മാർക്കും ഉപയോഗിക്കാം,” – ബെഞ്ച് വ്യക്തമാക്കി.
ദൽഹി സർക്കാരിന്റെ ചീഫ് സെക്രട്ടറി, പിഡബ്ല്യുഡി സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരോട് അടുത്ത തിയതിക്ക് മുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി ഒരു യോഗം വിളിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
അതേ സമയം പാർട്ടിയുടെ ഓഫീസുകൾക്കായി സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്മെൻ്റ് ഓഫീസിനെ സമീപിക്കാൻ സുപ്രീം കോടതി എഎപിക്ക് അനുമതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: