ന്യൂഡൽഹി: കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം പുറത്തുവിട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്.
ജനറേറ്റീവ് എഐ മോഡലുകളും അൽഗൊരിതവും പൊതുജനങ്ങൾക്കിടയിൽ പരീക്ഷിക്കുകയാണെങ്കിൽ ഇതിന് മുമ്പ് സർക്കാരിൽ നിന്നും അനുമതി തേടിയിരിക്കണം. ഈ കഴിഞ്ഞ മാർച്ച് ഒന്നിനാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയത്. എന്നാൽ ഇവ വലിയ കമ്പനികളെ ഉദ്ദേശിച്ച് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളാണെന്നും സ്റ്റാർട്ടപ്പുകളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷിച്ചിട്ടില്ലാത്ത എഐ പ്ലാറ്റോഫോമുകളെ ലക്ഷ്യം വച്ചാണ് നിർദ്ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ നിന്നും അനുമതി തേടുന്നതിനും ലേബലിംഗ്, ഉപയോക്താക്കളുടെ സമ്മതം എന്നിവ അടിസ്ഥാനമാക്കി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. കമ്പനികളെ സംബന്ധിച്ച് ഇത് ഒരു ഇൻഷുറൻ പോളിസിയാണെന്നും ഇവ പാലിക്കാത്ത പക്ഷം ഇത്തരം പ്ലാറ്റ്ഫോമുകൾക്കെതിരെ ഉപയോക്താക്കൾക്ക് പരാതി നൽകുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
എഐ മോഡലുകളും അൽഗൊരിതവും രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൽ നിന്ന് അനുമതി തേടിയിരിക്കണം. എഐ മോഡലുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഹോസ്റ്റ് ചെയ്യൽ, പ്രദർശിപ്പിക്കൽ, അപ്ലോഡ് ചെയ്യൽ, പ്രസിദ്ധീകരിക്കൽ, കൈമാറ്റം ചെയ്യൽ, ശേഖരിക്കൽ, മാറ്റങ്ങൾ വരുത്തൽ, പങ്കുവയ്ക്കൽ, അപ്ഡേറ്റ് ചെയ്യൽ എന്നിവ സംഭവിക്കുന്നില്ലെന്ന് പ്ലാറ്റ്ഫോമുകൾ ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: