ന്യൂദല്‍ഹി: ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ സീറ്റാണ് ബിജെപി അന്തരിച്ച സുഷമാസ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജിന് മത്സരിക്കാന്‍ നല്‍കിയിരിക്കുന്നത്. ഇതിനര്‍ത്ഥം പരിചയസമ്പന്നയായ മീനാക്ഷി ലേഖിക്ക് പകരമായി ബാംസുരിയെ കാണുന്നു എന്നാണോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു.
പക്ഷെ അടുത്ത ലിസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. അതില്‍ മീനാക്ഷി ലേഖിയുടെ പേര് ഉണ്ടായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ 2019ല്‍ മീനാക്ഷി ലേഖി പാട്ടുംപാടി ജയിച്ച മണ്ഡലം സുഷമ സ്വരാജിന്റെ മകള്‍ക്ക് വിട്ടുനല്‍കിയത് എന്തിനാണ്? 2019ല്‍ ഇവിടെ ഏകദേശം രണ്ടരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അജയ് മാക്കനെയാണ് മീനാക്ഷി ലേഖി മലര്‍ത്തിയടിച്ചത്.
ന്യൂദല്‍ഹി സീറ്റ് ബാംസുരിക്ക് നല്കുമ്പോള് ഒരു കാര്യം ഉറപ്പ്. ഒരു സുരക്ഷിത സീറ്റാണ് ബിജെപി ബാംസുരിക്ക് വെച്ചുനീട്ടുന്നത്.
കേന്ദ്രമന്ത്രിസഭയിലെ പരിചയസമ്പന്നയാണ് മീനാക്ഷി ലേഖി. ഈയിടെ അവര്‍ ഒരു വിവാദത്തില്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ ഹമാസ് സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായുള്ള രേഖയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മീനാക്ഷി ലേഖി ഒപ്പുവെച്ചുവെന്ന വിവാദമാണ് മീനാക്ഷി ലേഖിയെചുറ്റിപ്പറ്റി ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയാണ് ഈ ആരോപണം ലോക് സഭയില്‍ ഉയര്‍ത്തിയത്. വൈകാതെ ആ രേഖ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു രേഖയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു മീനാക്ഷി ലേഖി. ഈ വിവാദം പക്ഷെ മീനാക്ഷി ലേഖിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടൊന്നുമില്ല.
ഇപ്പോള്‍ ബിജെപിയുടെ ദല്‍ഹി ലീഗല്‍ സെല്ലിന്റെ കോകണ്‍വീനറാണ് ബാംസുരി സ്വാരാജ്. ഇതാദ്യമായാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സുഷമസ്വരാജ് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. തന്റെ അധികാരവും പദവിയും ഉപയോഗിച്ച് മകളെ ഒരിയ്ക്കല്‍ പോലും രാഷ്ട്രീയത്തില്‍ എത്തിക്കാനൊന്നും സുഷമസ്വരാജ് ശ്രമിച്ചില്ല. രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിതമായിരുന്നു അവരുടെ ജീവിതം. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് ബാംസുരിയുടെ ഈ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി കാണുന്നത്. സത്യസന്ധതയുടെ ആള്‍രൂപമായ അമ്മയുടെ മകളും മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: