തൊടുപുഴ: അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ 14 മുതല്‍ 17 വരെ വാഗമണില്‍ നടക്കും. നാലു ദിവസത്തെ, ഭാരതത്തിലെ തന്നെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് ഫെസ്റ്റിവലാണിത്.
വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും (കെഎടിപിഎസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും (ഡിടിപിസി) സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.
നൂറിലധികം അന്തര്‍ദേശീയ, ദേശീയ ഗ്ലൈഡര്‍മാര്‍ പങ്കെടുക്കും. 15 ലധികം രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളും ന്യൂദല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
എയ്റോഷോ കാണാന്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. വാഗമണില്‍ മാസങ്ങള്‍ക്ക് മുമ്പ് തുറന്ന ചില്ലുപാലത്തിന് വലിയ സ്വീകാര്യത വിനോദസഞ്ചാരികളില്‍ നിന്ന് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: