തൊടുപുഴ: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ചൂടുമായി ബന്ധപ്പെട്ട് 12 ജില്ലകളിലും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില കുതിച്ചുയരുകയാണ്. മാര്‍ച്ച് ഒന്നു വരെയാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും മൂലം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
50 വര്‍ഷത്തെ ശരാശരി പ്രകാരം ഇതാദ്യമാണ് മിക്ക ജില്ലകളിലും താപനില രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ഉയരുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്‍പതു ജില്ലകളില്‍ വരെ മുന്നറിയിപ്പ് എത്തിയിരുന്നു. എന്നാല്‍ താപനില ഇത്രയും ഉയരുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇത്തരത്തിലൊരു കാലാവസ്ഥയാണ് സംസ്ഥാനത്ത് വരാനിരിക്കുന്നതെന്ന് നേരത്തേ തന്നെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ കൂടിയ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാട് ഒട്ടുമിക്ക സ്ഥലത്തും താപനില 39 ഡിഗ്രിക്ക് മുകളിലും. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലെ അന്തരം എട്ടു മുതല്‍ 12 ഡിഗ്രി വരെയായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: