കോട്ടയം: സ്വാഭാവിക റബര്‍ കൃഷി വികസനത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത് ആയിരണക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസകരമാകും. 708.69 കോടിയാണ് കേന്ദ്രം അനുവദിച്ചത്.
അധികമായി അനുവദിച്ച തുക റബര്‍ കൃഷി, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, റബറുത്പാദകസംഘങ്ങളുടെ രൂപവത്കരണം, ഗവേഷണപ്രവര്‍ത്തനം, പരിശീലനം തുടങ്ങിയവയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ പറഞ്ഞു.
കേരളത്തിലെ അടക്കം റബര്‍ കര്‍ഷകര്‍ക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം റബ്ബര്‍ബോര്‍ഡ് തുടരും. രാജ്യത്തിനാവശ്യമായ പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിക്കുന്നതില്‍ പരമ്പരാഗത മേഖലകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഉപഭോഗം കൂടുന്നതിനാല്‍ നിലവിലുള്ള ഉത്പാദനം കൊണ്ട് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. റബറിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുക എന്നത് രാജ്യത്തിന്റെ ലക്ഷ്യമാണ്. ഉപഭോഗം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ റബര്‍ ഉത്പാദിപ്പിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ രാജ്യത്തെ ‘ആത്മനിര്‍ഭര്‍’ ആക്കാന്‍ കഴിയൂവെന്നും സാവര്‍ ധനാനിയ പറഞ്ഞു.
കേരളമടക്കമുള്ള പരമ്പരാഗതമേഖലകളില്‍ 2024- 25, 2025- 26 വര്‍ഷങ്ങളില്‍ 12,000 ഹെക്ടറില്‍ റബര്‍ നടുകയാണ് ലക്ഷ്യം. അതിനുവേണ്ടി 43.50 കോടി നീക്കിവച്ചു. വര്‍ധിച്ചുവരുന്ന കൃഷിച്ചെലവുകള്‍ കണക്കിലെടുത്ത് ഹെക്ടര്‍ പ്രതിയുള്ള ധനസഹായം 25,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി. ധനസഹായം ഉയര്‍ത്തിയതിലൂടെ കൃഷിച്ചെലവുകളുടെ വലിയൊരു പങ്ക് ബോര്‍ഡ് വഹിക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് റബര്‍കൃഷി തുടരുന്നതിന് പ്രചോദനമാകും. അതോടൊപ്പം പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളില്‍ ഇതേ കാലയളവില്‍ 3752 ഹെക്ടര്‍ സ്ഥലത്ത് റബര്‍ കൃഷിവ്യാപനംനടത്തുന്നതിനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 18.76 കോടി രൂപ ഇതിനായി വകകൊള്ളിച്ചു.
ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനും രോഗപ്രതിരോധത്തിനും ചെറുകിടകര്‍ഷകര്‍ക്ക് ധനസഹായം നല്‍കും. റബര്‍ കര്‍ഷകരുടെ കൂട്ടായ്മകളുടെ ശാക്തീകരണത്തിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്കുന്നു. സമൂഹ റബര്‍ സംസ്കരണശാലകള്ക്കും റബറുത്പാദക സംഘങ്ങള്‍ക്കും ഇതിന്റെ ഭാഗമായി ധനസഹായം ഉള്‍പ്പെടുത്തി. സമൂഹ റബര്‍ സംസ്കരണശാലകളുടെ നവീകരണത്തിന് 6 ലക്ഷം രൂപ വരെ നല്‍കും. സംഘങ്ങള്‍ക്ക് റബര്‍ പാല് സംഭരണത്തിനും ഡിആര്‍സി ടെസ്റ്റിങ്ങിനുമായി പരമാവധി 40,000 രൂപ വരെ നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ റബര്‍ ബോര്‍ഡ് അംഗം കോര സി. ജോര്‍ജും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: