തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത്ത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് സംഘത്തിലുള്ളത്. അഭിമാന ദൗത്യത്തിന്റെ സംഘതലവൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ്.
പാലക്കാട് നെന്മാറ കൂളങ്ങാട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റേയും മകനാണ് പ്രശാന്ത് ബാലകൃഷ്ണന് നായര്‍. സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദം പാസായത്. 1998 ല്‍ ഹൈദരാബാദ് വ്യേമസേന അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഓണര്‍ നേടി. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെയാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയാണ് ഗഗൻയാൻ. യാത്രികർക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും.
ലോഞ്ച് വെഹിക്കിൾ മാർക്ക് -3 (എൽവിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗൻയാൻ പേടകം ഭ്രമണ പഥത്തിൽ എത്തിക്കുക. പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗൻയാൻ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: