ആലപ്പുഴ: പ്രളയദുരിതാശ്വാസത്തിനായി ഹൈക്കോടതി ഉത്തരവ് പ്രകാരം അനുവദിച്ച സഹായധനം വിതരണം ചെയ്യാതെ അട്ടിമറിക്കുന്നതായി ആക്ഷേപം.
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ പൊതുപ്രവര്ത്തകന് ജെയ്സപ്പന്‍ മത്തായിയാണ് ആക്ഷേപം ഉന്നയിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ 43,538 കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം നല്കാന് 2021 ഡിസംബര്‍ 10ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 16.55 കോടി രൂപ അനുവദിച്ച് കുട്ടനാട് തഹസീല്‍ദാര്‍ മുഖേന 2022 മാര്‍ച്ച് മുതല്‍ വിതരണം ആരംഭിച്ചുവെങ്കിലും രണ്ട് വര്‍ഷം പിന്നിട്ടിട്ടും 35,166 കുടുംബങ്ങള്‍ക്ക് മാത്രമാണ് തുക കൈമാറിയത്.
അര്‍ഹതപ്പെട്ട 8372 കുടുംബങ്ങള്‍ക്ക് ഇനിയും ധ നസഹായം നല്‍കാത്തത് കടുത്ത അനീതിയാണെന്നും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസമായി 10,000 രൂപ വീതം ലഭിക്കേണ്ടിയിരുന്ന തുക എംഎല്‍എയും ചില ഉദ്യോഗസ്ഥരും അട്ടിമറിച്ചത് മൂലമാണ് കുറഞ്ഞുപോയതെന്നും ജെയ്സപ്പന്‍ മത്തായി പത്രസമ്മേളനത്തില്‍ പറഞ്ഞു. ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കണ മെന്നും അര്‍ഹതപ്പെട്ടവരുടെ ആനുകൂല്യം നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 27ന് രാവിലെ 10ന് കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കല്‍ ധനസഹായം ലഭിക്കാത്തവരെ നേരില്‍കണ്ട് ഒപ്പുശേഖരണം നടത്തുന്നതിനും അവകാശനിഷേധത്തിനെതിരെ സമരം നടത്തുന്നതിനും തീരുമാനിച്ചു.
3800 രൂപയ്ക്ക് പുറമേ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും 6200 രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ജെയ്സപ്പന്‍ മത്തായി സമര്‍പ്പിച്ച തുടര്ഹര്ജിയില് സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി മാര്‍ച്ചില്‍ കേസ് വീണ്ടും വാദം കേള്‍ക്കും. കെ.ജി ജേക്കബ്, ജോബി കണ്ണമ്പള്ളിയില്‍, ഷാജി മീനത്തേരില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: