കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമങ്ങള്‍ക്കും കൂട്ടബലാത്സംഗത്തിനും ഇരായവരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശ്ഖാലിയിലെത്തും. മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഈ അവസരത്തില്‍ സന്ദേശ്ഖാലിയിലെ സ്ത്രീകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗനാസ് ബരാസതില്‍ വനിതകളുടെ റാലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി സംസാരിക്കും. മോദിയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അതിനുള്ള അവസരവും നല്‍കുമെന്ന് മജുംദാര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 28ന് സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നുണ്ട്. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം.
സന്ദേശ്ഖാലിയില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും മമത സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ടിഎംസി നേതാക്കള്‍ ജനങ്ങള്‍ക്കെതിരെ ക്രൂര നടപടികള്‍ അഴിച്ചുവിട്ടിട്ടും അക്രമികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും മജുംദാര്‍ പറഞ്ഞു.
അതേസമയം ആരോപണവിധേയരായ ടിഎംസി നേതാക്കളെ സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തി സന്ദേശ്ഖാലിയില്‍ വീണ്ടും പ്രതിഷേധം ഉടലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞതോടെ സന്ദേശ്ഖാലിയിലെ ജനങ്ങള്‍ സംഘടിച്ചെത്തുകയായിരുന്നു. തങ്ങള്‍ക്ക് നീതി ഉറപ്പാക്കണം, ഷാജഹാനും സഹോദരന് സിറാജും ചേര്‍ന്ന് തട്ടിയെടുത്ത ഭൂമി തിരിച്ചുതരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാര്‍ ഒരു ഓലമേഞ്ഞ കുടിലിനും തീയിട്ടു. ഈ കെട്ടിടം സിറാജിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയനായ ഷാജഹാന് ഒളിവില്‍ പോയിട്ട് അമ്പതിലധികം ദിവസം കഴിഞ്ഞു. എന്നിട്ടും പോലീസിന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
പ്രതിഷേധം രൂക്ഷമായതോടെ സന്ദേശ്ഖാലിയില്‍ രാത്രി പട്രോളിങ് ഏര്‍പ്പെടുത്തി. ടിഎംസി നേതാക്കളുടെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇത്. സന്ദേശ്ഖാലി സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ഓരോ വ്യക്തിയുടേയും പരാതി കേട്ട് നടപടി സ്വീകരിക്കുമെന്ന് ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ പറഞ്ഞു.
താന്‍ സന്ദേശ്ഖാലിയിലേക്ക് എത്തിയത് ഇവിടുത്തെ ജനങ്ങളെ കേള്‍ക്കാനാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഭൂമി തട്ടിയെടുക്കല്‍, പ്രദേശവാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടല്‍ തുടങ്ങിയ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബുധനാഴ്ച ഡിജിപി സന്ദേശ്ഖാലിയിയില് സന്ദര്‍ശനം നടത്തിയിരുന്നു. അതിക്രമങ്ങള്‍ ഉണ്ടായശേഷം ആദ്യമായാണ് ഡിജിപി സ്ഥലത്തെത്തുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മിഷന് പ്രത്യേക സംഘവും സന്ദേശ്ഖാലിയില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. ടിഎംസി നേതാവ് ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുന്നതായും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതായുമുള്ള സംഭവത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ബി.പി. ഗോപാലികയോട് മനുഷ്യാവകാശ കമ്മിഷന് വിശദീകരണവും തേടിയിട്ടുണ്ട്.
അതിനിടെ ടിഎംസി നേതാവ് ഷാജഹാന് ഷെയ്ഖ്, ഉത്തം സര്‍ദാര്‍, സിബപ്രസാദ് ഹസ്ര എന്നിവര്‍ക്കെതിരെ വീണ്ടും കൂട്ടബലാത്സംഗത്തിന് കേസെടുത്തു. മൂവര്‍ക്കുമെതിരെയുള്ള രണ്ടാമത്തെ കേസാണിത്. പീഡനത്തിനിരയായ സ്ത്രീ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: