ന്യൂദല്‍ഹി: ഭാരതം 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ആഗോള നിക്ഷേപക ഉപദേശക സ്ഥാപനം ജെഫറീസിന്റെ പ്രവചനം.
നാലു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അഞ്ചു ട്രില്യണ്‍ ഡോളറിലെത്തും. ലോകത്തേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം നിലനിര്‍ത്തി 2027ല്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും. ജപ്പാനെയും ജര്‍മനിയെയും പിന്തള്ളും, ജെഫറീസ് വ്യക്തമാക്കി. പത്തു വര്‍ഷമായി ഭാരതത്തില്‍ നടക്കുന്ന അടിസ്ഥാന ഘടനാപരമായ പരിഷ്കാരങ്ങളാണ് ഇതിനു വഴി തുറന്നതെന്നും അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2030ല്‍ ഭാരത ഓഹരി വിപണി 10 ട്രില്യണ്‍ യുഎസ് ഡോളറിലെത്തും. ഇപ്പോള്‍ യുഎസ് (44.7 ട്രില്യണ്‍ ഡോളര്‍), ചൈന (9.8 ട്രില്യണ്‍ ഡോളര്‍), ജപ്പാന് (ആറു ട്രില്യണ്‍ ഡോളര്‍), ഹോങ്കോങ് (4.8 ട്രില്യണ്‍ ഡോളര്‍) എന്നിവയ്ക്കു പിന്നില്‍ അഞ്ചാം സ്ഥാനത്താണ് 4.3 ട്രില്യണ്‍ ഡോളറിന്റെ ഭാരത വിപണി. ഭാരത വിപണി അഞ്ചു മുതല്‍ ഏഴു വരെയുള്ള വര്‍ഷങ്ങളിലും ആകര്‍ഷകമായ വളര്‍ച്ച തുടരും. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഭാരതത്തില്‍ നിക്ഷേപത്തിനു പറ്റിയ അവസരമാണിത്. ശക്തമായ വളര്‍ച്ചയില്‍ ഭാരതവിപണികളുടെ പ്രാമുഖ്യം ഉയരുന്നു. നിക്ഷേപകരുടെ വരുമാനവും ഉയര്‍ന്നു. ഇത് വിദേശ നിക്ഷേപ പ്രവാഹത്തെ ആകര്‍ഷിക്കും. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഭാരതത്തില്‍ വളരാന്‍ പറ്റിയ സമയമാണ്. ആമസോണ്‍, സാംസങ്, ആപ്പിള്‍, ടൊയോട്ട തുടങ്ങിയ വമ്പന്‍ ആഗോള കമ്പനികള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അത് ഓഹരി വിപണികളില്‍ വലിയ മാറ്റം കൊണ്ടുവരും.
രാജ്യത്ത് വ്യാപാരം സുഗമമാക്കാന്‍ 2014 മുതല്‍, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സുസ്ഥിരപരിഷ്കാരങ്ങളാണ് ഉയര്‍ന്ന വളര്‍ച്ചയ്ക്കു കാരണം. 2017ലെ സുപ്രധാനമായ ജിഎസ്ടി പരിഷ്കാരം, നിരവധി നികുതി ഘടനകളെ പൊതു ദേശീയഘടനയിലാക്കി. ബാങ്കിങ് സംവിധാനത്തിലെ കിട്ടാക്കടം ശുദ്ധീകരിക്കുന്നതില്‍ 2016ലെ പാപ്പരത്ത നിയമം നിര്‍ണായകമായെന്നും തെളിഞ്ഞു. 2017ലെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് വിശാലമായ, അസംഘടിത സ്വത്തു മേഖലയെ ശുദ്ധീകരിക്കാന്‍ സഹായിച്ചു, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: