കശ്മീർ : ജമ്മു കശ്മീരുമായി ദീർഘകാലമായിട്ടുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപ്രദേശങ്ങളുമായി നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള ബന്ധമാണെന്നും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ദൂരസ്ഥലങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ തന്റെ റാലിയിൽ എത്തിയത് തന്നോടുള്ള സ്നേഹത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു.
ജനങ്ങളുടെ സ്നേഹമാണ് തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്ന് മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
“ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ഇവിടെ ധാരാളം പരിപാടികളും പര്യടനങ്ങളും നടത്തിയിട്ടുള്ളതിനാൽ ജമ്മു കശ്മീരുമായുള്ള എന്റെ ബന്ധത്തിന് 40 വർഷത്തിലേറെ പഴക്കമുണ്ട്. മഴയും തണുപ്പും വകവയ്ക്കാതെ ജനങ്ങൾ സമ്മേളനം ശ്രദ്ധയോടെ കേൾക്കുന്നത് അവരുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു. ” – മോദി പറഞ്ഞു. ജമ്മു കശ്മീരിലെ 285 ബ്ലോക്കുകളിലും ലക്ഷക്കണക്കിന് ആളുകൾ വീക്ഷിക്കുന്ന ഈ പരിപാടി രാജ്യത്തെ വിവിധ സ്ഥലങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ഇത്രയും വലിയൊരു പരിപാടി, അതും ജമ്മു കശ്മീരിൽ, പ്രകൃതി ഓരോ നിമിഷവും നമ്മെ വെല്ലുവിളിക്കുന്നു. എന്നിട്ടും ജമ്മു കശ്മീരിലെ ജനങ്ങൾ അതി ഗംഭീരത്തോടെയും പ്രകടനത്തോടെയും സംഘടിപ്പിച്ച ഈ പരിപാടിക്ക് അഭിനന്ദനം അർഹിക്കുന്നു,” -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പദ്ദാരി ഗോത്രം, പഹാരി വംശജർ, ഗദ്ദ ബ്രാഹ്മണൻ, കോലി വിഭാഗങ്ങളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തിയതിനും പട്ടികവർഗക്കാർക്കുള്ള നിയമസഭാ സീറ്റ് സംവരണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
“മോദിയുടെ ഗ്യാരൻ്റി എന്നാൽ ആ ഉറപ്പിന്റെ പൂർത്തീകരണമാണ്,” മോദി പറഞ്ഞു, ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ ആണ് വികസിത ജമ്മു കശ്മീരിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: