മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ വ്യക്തിഗത ഉപയോഗത്തിനായി റഷ്യൻ നിർമ്മിത കാർ സമ്മാനിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. കാർ സമ്മാനിച്ച വിവരം ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇത് ഏതുതരം വാഹനമാണെന്നോ എങ്ങനെയാണ് കയറ്റി അയച്ചതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. കിമ്മിന്റെ സഹോദരി കിം യോ ജോംഗും മറ്റൊരു ഉത്തരകൊറിയൻ ഉദ്യോഗസ്ഥനും ഞായറാഴ്ച സമ്മാനം സ്വീകരിച്ചതായിട്ടാണ് റിപ്പോർട്ട്. അവർ തന്റെ സഹോദരന്റെ നന്ദി പുടിനെ അറിയിച്ചുവെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. നേതാക്കൾ തമ്മിലുള്ള സവിശേഷമായ വ്യക്തിബന്ധമാണ് സമ്മാനം കാണിക്കുന്നതെന്ന് കിം യോ ജോങ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ പുടിനുമായുള്ള ഉച്ചകോടിക്കായി കിം റഷ്യയിലേക്ക് പോയത് മുതൽ ഉത്തരകൊറിയയും റഷ്യയും തങ്ങളുടെ സഹകരണം ഗണ്യമായി വർധിപ്പിച്ചിരുന്നു. റഷ്യയുടെ പ്രധാന ബഹിരാകാശ പോർട്ടിലേക്കുള്ള കിമ്മിന്റെ സന്ദർശന വേളയിൽ, പുടിൻ ഉത്തര കൊറിയൻ നേതാവിനെ തന്റെ സ്വകാര്യ കാറായ അൻറസ് സെനറ്റ് ലിമോസിൻ കാണിക്കുകയും കിം അതിന്റെ പിൻസീറ്റിൽ ഇരുന്നുയാത്ര ചെയ്യുകയും ചെയ്തത് ലോക മാധ്യമങ്ങളടക്കം വൻ വാർത്തയാക്കിയിരുന്നു.
അതേ സമയം യുഎൻ പ്രമേയം ലംഘിച്ച് തന്റെ രാജ്യത്തേക്ക് കടത്തിയതായി കരുതപ്പെടുന്ന നിരവധി വിദേശ നിർമ്മിത ആഡംബര കാറുകൾ 40 കാരനായ കിമ്മിന്റെ കൈവശമുണ്ടെന്ന് അറിയപ്പെടുന്നു. തന്റെ റഷ്യ സന്ദർശന വേളയിൽ, തന്റെ പ്രത്യേക ട്രെയിനുകളിലൊന്നിൽ കൊണ്ടുവന്ന മെയ്ബാക്ക് ലിമോസിനിലാണ് അദ്ദേഹം ചർച്ചകൾക്കായി യാത്ര നടത്തിയത്.
2019 ലെ ഒരു റഷ്യ യാത്രയ്‌ക്കിടെ, വ്ലാഡിവോസ്റ്റോക്ക് സ്റ്റേഷനിൽ കിമ്മിനായി രണ്ട് ലിമോകൾ ഏർപ്പെടുത്തിയിരുന്നു. 2018ൽ സിംഗപ്പൂരിലും 2019ൽ വിയറ്റ്‌നാമിലും അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടന്ന രണ്ട് ഉച്ചകോടികളിലും അദ്ദേഹം മെഴ്സിഡസ് എസ്600 പുൾമാൻ ഗാർഡ് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: