ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം തന്നെ വിജയക്കൊടി പാറിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് വെറും 122 റണ്‍സിന് പുറത്തായി. 434 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.
റണ്‍സടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍ എത്തി.
ആദ്യം ഡക്കറ്റ് ആയിരുന്നു റണ്ണൗട്ടായത്. സിറാജിന്റെ ത്രോ മനോഹരമായി കൈപറ്റി ജുറല്‍ റണ്ണൗട്ട് ആക്കുക ആയിരുന്നു. പിന്നാലെ 11 റണ്‍സ് എടുത്ത സാക് ക്രോലിയെ ബുമ്ര വിക്കറ്റിനു മുന്നില്‍ കുടുക്കി.
തുടര്‍ന്ന് മൂന്ന് റണ്‍സ് എടുത്ത ഒലി പോപ്, 7 റണ്‍സ് എടുത്ത റൂട്ട്, 4 റണ്‍സ് എടുത്ത ബെയര്‍ സ്റ്റോ എന്നിവരെ ജഡേജ പുറത്താക്കി. 15 റണ്‍സ് എടുത്ത സ്റ്റോക്സിനെയും റണ്‍ എടുക്കാത്ത രെഹാനെയും കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. 57-7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.
ഫോക്സും ഹാര്ട്ലിയും പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും ജഡേജ കൂട്ടുകെട്ട് തകര്‍ത്തു. 16 റണ്‍സ് നേടി ഫോക്സ് പുറത്തായി.പിന്നാലെ അടുത്ത ഓവറില്‍ 16 റണ്‍സ് എടുത്ത ഹാര്‍ട്ലിയെ അശ്വിനും പുറത്താക്കി. ആക്രമിച്ച് കളിച്ച മാര്‍ക്ക് വൂഡിനെ പുറത്താക്കി ജഡേജ ജയം ഉറപ്പിച്ചു.
രണ്ടാം ഇന്നിംഗ്സില്‍ ജഡേജ നാല് വിക്കറ്റും കുല്‍ദീപ് രണ് വിക്കറ്റുമെടുത്തു. ബുമ്ര, അശ്വിന് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ജയ്സ്വാളിന്റെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 എന്ന സ്കോറിന് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
ഇന്നലെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ട് ആയ ജയ്സ്വാള്‍ ഇന്ന് വീണ്ടും ഇറങ്ങി ഇംഗ്ലീഷ് ബൗളര്‍മാരെ പ്രഹരിച്ചു. 68 റണ്‍സ് എടുത്ത് സര്‍ഫറാസും ജയ്സ്വാളിന് പിന്തുണ നല്കി. ഇരുവരും പുറത്താകാതെ തന്നെ ഇന്ത്യ ഡിക്ലയര്‍ ചെയ്തു.
ഗില്ലിന്റെയും കുല്‍ദീപിന്റെയും വിക്കറ്റുകള്‍ ആണ് ഇന്ത്യക്ക് നഷ്ടമായത്.ഗില്‍ 91 റണ്‍സ് എടുത്തു പുറത്തായി. കുല്‍ദീപ് 27 റണ്‍സ് നേടി.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 445 റണ്‍സും ഇംഗ്ലണ്ട് 319 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: