ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 370 സീറ്റുകള്‍ നേടി ജയിക്കുന്നതാകും ഭാരതീയ ജനസംഘം സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജിവത്യാഗത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ കണ്‍വെന്‍ഷന്റെ ഭാഗമായി ചേര്‍ന്ന ഭാരവാഹിയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമുക്ക് 370 എന്നത് വെറുമൊരു സംഖ്യയല്ല, വികാരമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ജീവന് ത്യജിച്ചു. ബിജെപി സര്‍ക്കാര്‍ അത് റദ്ദാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ചു, മോദി പറഞ്ഞു.
പത്തുവര്‍ഷം സാധാരണക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ വികസനവും ആഗോളതലത്തിലുള്ള രാജ്യത്തിന്റെ ഉയര്‍ച്ചയും ജനങ്ങളുമായി പങ്കുവയ്ക്കണം. ഓരോ ബൂത്തിലും കുറഞ്ഞത് 370 വോട്ടുകള്‍ പുതുതായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം താമരപ്പൂക്കളാണ്, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
നൂറുദിവസത്തിനുള്ളില്‍ ഓരോ ബിജെപി പ്രവര്‍ത്തകനും ഭരണനേട്ടങ്ങള്‍ ബൂത്ത് തലത്തിലുള്ള വോട്ടര്‍മാരിലേക്കും സാധാരണക്കാരിലേക്കും എത്തിക്കണം. പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനായി 25 മുതല്‍ മാര്‍ച്ച് അഞ്ചു വരെ പ്രത്യേക പ്രചാരണം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: