ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ സമ്മേളനം. ന്യൂദൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടന്ന രണ്ട് ദിവസത്തെ കൺവെൻഷനിലാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും വികസന നേട്ടങ്ങളെ അക്കമിട്ട് നിരത്തിയത്.
ഭൂമി പൂജയ്ക്ക് ശേഷം നാല് വർഷത്തിനുള്ളിൽ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ കൺവെൻഷൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ബിജെപി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ശ്രീരാമക്ഷേത്രം പണിതു മാത്രമല്ല, കഴിഞ്ഞ 10 വർഷമായി രാമരാജ്യം എന്ന ആശയം അദ്ദേഹം ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. ഭാവിയിൽ ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടർച്ചയായ പുനർനിർമ്മാണത്തിലെ ഒരു നാഴികക്കല്ലായി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചരിത്രകാരന്മാർ കണക്കാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു.
ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ലോക വേദിയിൽ ബഹുമാനവും അന്തസ്സും കൊണ്ടുവന്നുവെന്നും അംഗങ്ങൾ വിലയിരുത്തി. യോഗ, ആയുർവേദം, ഭാരതീയ ഭാഷകൾ എന്നിവയുടെ സംരക്ഷണത്തിന് പുറമെ, കാശി വിശ്വനാഥ് ഇടനാഴി, മഹാകാൽ ഇടനാഴി, കർതാർപൂർ ഇടനാഴി, പാവഗഢ് ശക്തിപീഠം, കേദാർനാഥ്, ബദരീനാഥ്, സോം തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം പ്രധാനമന്ത്രി സാക്ഷത്കരിക്കാൻ ശ്രമിച്ചതായും കൺവെൻഷൻ വിലയിരുത്തി.
കർഷക ക്ഷേമത്തിന്റെ പുതിയ അധ്യായം രചിച്ചതിന് മോദിയെ അഭിനന്ദിക്കുകയും ഈ രംഗത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ സമ്മേളനത്തിൽ പട്ടികപ്പെടുത്തുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കിയതിനും മേഖലയിലെ തീവ്രവാദവും വിഘടനവാദവും ഇല്ലാതാക്കി വികസനത്തിന് വഴിയൊരുക്കിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ ദേശീയ കൺവെൻഷൻ ഏറെ അഭിനന്ദിച്ചു.
കൂടാതെ മോദി സർക്കാരിന്റെ 10 വർഷത്തിനിടയിലുള്ള നൂറുകണക്കിന് ചരിത്ര നേട്ടങ്ങൾ നമ്മുടെ രാജ്യത്തെ മൂന്നിൽ രണ്ട് പൗരന്മാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. വിജയകരമായ ജി-20 ഉച്ചകോടി, പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ നിർമ്മാണം, വനിതാ സംവരണ ബിൽ, ഭാരതീയ ന്യായ സൻഹിത എന്നിവയ്ക്കൊപ്പം രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്കെല്ലാം തന്നെ പ്രധാനമന്ത്രിയുടെ പിന്തുണ അകമഴിഞ്ഞതായിരുന്നെന്ന് യോഗം വിലയിരുത്തി
ഇതിനു പുറമെ രാജ്യത്തെ സാമ്പത്തികമായി ശക്തമാക്കുന്നതിനും ലോകത്തെ മുൻനിര സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ കൺവെൻഷൻ ഹൃദയപൂർവ്വം അഭിനന്ദിച്ചു. ജാതിയുടെയും കുടുംബത്തിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയം ഒഴിവാക്കി സബ്കാ സാത്ത്, സബ്കാ വികാസ് എന്നീ തത്വങ്ങളിൽ രാജ്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം മുന്നോട്ട് വയ്ക്കുന്ന പ്രധാനമന്ത്രിയോട് രാജ്യം നന്ദി പറയുന്നതായും ബിജെപി ദേശീയ സമ്മേളനത്തിൽ രേഖപ്പെടുത്തി.
ഫെബ്രുവരി 17 ന് ആരംഭിച്ച സമ്മേളനത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അധ്യക്ഷ പ്രസംഗം നടത്തി. നിരവധി കേന്ദ്ര നേതാക്കൾ ഉൾപ്പെടെ ബിജെപിയുടെ 11,000 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാപന പ്രസംഗത്തോടെയോ കൺവെൻഷൻ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: