ചെമ്പഴന്തി/(തിരുവനന്തപുരം): ചിക്കാഗോയിലെ മഹാമത സമ്മേളനത്തിനുശേഷം ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആലുവ സര്‍വമത സമ്മേളനത്തിന്റെ ദര്‍ശനം സജീവമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1924 ല്‍ ആലുവ അൈദ്വതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനു
മാണ് എന്ന സന്ദേശം ആലേഖനം ചെയ്തുവച്ചാണ് സര്‍വമത സമ്മേളനം നടന്നത്. മതങ്ങളെ പോരടിച്ചില്ലാതാക്കാന് ആവില്ലെന്നും എല്ലാ മതങ്ങളെയും ഒന്നായി കാണണമെന്നും എല്ലാ മതങ്ങളുടെയും ധാര്‍മികമൂല്യങ്ങള്‍ ഒന്നാണെന്നും മനുഷ്യനന്മയ്ക്കുള്ളതെന്നുമാണ് അത് വിളംബരം ചെയ്തത്. ഇതിനുമുമ്പ് 1921ല്‍ ആലുവയില്‍ വിശ്വസാഹോദര്യ സമ്മേളനവും പിന്നാലെ വൈക്കം സത്യഗ്രഹവും നടന്നിരുന്നു.
എല്ലാത്തിന്റേയും ലക്ഷ്യം സാമൂഹ്യ നന്മയില് അധിഷ്ഠതമായ നവോത്ഥാന സങ്കല്പങ്ങള് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ സര്‍വമത സമ്മേളനത്തിന്റെ ലഘുചരിത്രം അടങ്ങിയ മതമൈത്രിയുടെ മഹാസന്ദേശം എന്ന പിആര്‍ഡി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ എസ്. ശിശുപാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: