മുംബൈ: ബാരാമതി കണ്ട് പനിക്കണ്ടെന്ന് സുപ്രിയ സുലെയ്ക്ക് അജിത് പവാറിന്റെ മുന്നറിയിപ്പ്. അത് സുപ്രിയയുടെ സീറ്റല്ല, എന്‍സിപിയുടെ സീറ്റാണ്. അജിത് മുന്നറിയിപ്പ് നല്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചൂടേറുകയാണ് ബാരാമതിയില്‍. ആദ്യം ശരത് പവാറും പിന്നീട് മകള്‍ സുപ്രിയയും സ്വന്തമാക്കിവച്ച മണ്ഡലത്തിലേക്കാണ് ഒര്‍ജിനല്‍ എന്‍സിപിയായി അംഗീകാരം കിട്ടിയ അജിത് പവാറിന്റെ കടന്നുവരവ്.
ബാരാമതിക്കാരോട് എനിക്ക് നന്ദിയുണ്ട്. എന്‍സിപിക്കെതിരെ നിന്ന എല്ലാ സ്ഥാനാര്‍ത്ഥികളും കെട്ടിവച്ച കാശ് പോലും കിട്ടാതെ തുന്നം പാടിയ ചരിത്രമുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്. ആ പിന്തുണ എന്‍സിപിക്കുള്ളതാണ്. അത് മോഹിച്ച് ആരും ബാരാമതിയിലേക്ക് ഇറങ്ങരുതെന്ന് അജിത് മുന്നറിയിപ്പ് നല്കി. 1967 മുതല്‍ 1990 വരെ ശരത് പവാറും തുടര്‍ന്ന് ഇത് വരെ അജിത് പവാറുമാണ് ബാരാമതിയെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര അസംബ്ലിയിലെത്തിയത്.
ലോക്സഭയിലും എന്‍സിപിയുടെ കുത്തക സീറ്റാണ് ബാരാമതി. കഴിഞ്ഞ മൂന്ന് തവണയും ഈ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിച്ചത് സുപ്രിയയാണ്. എന്നാല്‍ ഇക്കുറി കളം മാറിയിരിക്കുന്നു. സുപ്രിയ സുലെ ഇപ്പോള്‍ എന്‍സിപി അല്ല. പുതിയ ചിഹ്നവും വേണം. യഥാര്‍ത്ഥ എന്‍സിപിയായി അജിത് പവാര്‍ പക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും മഹാരാഷ്ട്ര നിയമസഭയും അംഗീകരിച്ചതിന് പിന്നാലെയാണ് ബാരാമതി ചൂടേറിയ ചര്‍ച്ചയാകുന്നത്.
സുപ്രിയയ്ക്കെതിരെ എന്‍സിപി സ്ഥാനാര്‍ത്ഥിയായി പവാര്‍ കുടുംബത്തില്‍നിന്ന് തന്നെ ഒരാള്‍ വരുമെന്നാണ് അജിത് നല്കുന്ന സൂചന. ലോക്സഭയിലേക്ക് എന്‍സിപി മത്സരിക്കും. സ്ഥാനാര്‍ത്ഥി ആരായാലും വിജയിപ്പിക്കണം. എന്‍സിപി സ്ഥാനാര്‍ത്ഥി തോറ്റാല്പിന്നെ ബാരാമതിയില്‍ നിന്ന് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വരില്ല. വോട്ട് വികാരപരമല്ല, വികസനത്തിനായിരിക്കണം. വികാരം വില്ക്കാന് ചിലര്‍ വരും. അവരെ കരുതിയിരിക്കണം. എന്നോട് നിങ്ങള്‍ക്ക് സ്നേഹമുണ്ടെന്ന് അറിയാം. അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കണം, അജിത് പവാര്‍ ബാരാമതിക്കാര്‍ക്ക് നല്കിയ സന്ദേശത്തില്‍ പറയുന്നു.
അജിത്തിന്റെ ഭാര്യ സുനേത്ര പവാര്‍ ബാരാമതിയില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരാന്‍ തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ആവേശത്തിലാണ് ജനങ്ങള്‍. പവാര്‍ കുടുംബത്തിന്റെ കോട്ടയില്‍ പവാറുമാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഹരത്തിലാണ് മറാഠാ രാഷ്ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: