അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഉത്തര്‍പ്രദേശിലെ സ്വന്തം മണ്ഡലമായ റായ്ബറേലി വിട്ട് രാജസ്ഥാനില്‍ അഭയം തേടിയിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാനെങ്കിലും സോണിയയെ രാജ്യസഭയിലെത്തിക്കാനുള്ള അംഗബലം കോണ്‍ഗ്രസ്സിനുള്ളതാണ് ഇങ്ങനെയൊരു പലായനത്തിനു കാരണം. 2019 ല്‍ അധികാരത്തുടര്‍ച്ച ലഭിച്ച മോദി സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂലമായ തരംഗം പതിന്മടങ്ങ് ശക്തിയാര്‍ജിക്കുകയും, ഒടുവിലായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കുശേഷം ദേശീയവികാരം ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ ചരിത്രപരമായ ജനവിധിയാവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് ഒലിച്ചുപോകുമെന്ന് മാത്രമല്ല നെഹ്റു കുടുംബത്തിന്റെ തട്ടകമായി കൊണ്ടുനടക്കുന്ന റായ്ബറേലിയില്‍നിന്ന് സോണിയയ്ക്ക് പാര്‍ലമെന്റില്‍ എത്താനുമാവില്ല. 2014 ലെ നിയമസഭാ െതരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ സോണിയയ്ക്ക് 52 ശതമാനം വോട്ടും എതിരാളിയായ ബിജെപിയുടെ അജയ് അഗര്വാൡന് 42 ശതമാനം വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ വോട്ടിങ് ശതമാനം വര്‍ധിച്ചുവെങ്കിലും ഒരിക്കല്‍ക്കൂടി മത്സരിക്കാന്‍ അവര്‍ക്ക് ധൈര്യം വരുന്നില്ല. ബിജെപിക്ക് അ നുകൂലമായി വലിയ തരംഗമാണ് റായ്ബറേലിയില്‍ നിലനില്‍ക്കുന്നത്. പുറമേക്ക് കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരമോന്നത നേതാവുപോലും പരാജയഭീതി അനുഭവിക്കുന്നു എന്നതാണ് സോണിയയുടെ പലായനത്തില്‍നിന്ന് മനസ്സിലാവുന്നത്. കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കം കൂട്ടുന്ന നടപടിയാണിത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് റായ്ബറേലിയിലെ ജനങ്ങള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് സോണിയ. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി രാജസ്ഥാനിലേക്ക് പോയ ശേഷമാണ് കത്ത് പുറത്തുവിട്ടത്. ഫിറോസ്ഗാന്ധിയും ഇന്ദിരാഗാന്ധിയും താനുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട റായ്ബറേലി നെഹ്റു കുടുംബത്തിന്റെ തട്ടകമാണെന്നും, ദല്‍ഹിയില്‍ താമസിക്കുന്ന തന്റെ അപൂര്‍ണമായ കുടുംബം റായ്ബറേലിയിലെത്തുമ്പോഴാണ് പൂര്ണമാകുന്നതെന്നുമൊക്കെ കത്തില്‍ വികാരപാരവശ്യത്തോടെ സോണിയ പറയുന്നുണ്ടെങ്കിലും കാര്യം ഇതൊന്നുമല്ലെന്ന് എല്ലാവര്ക്കും അറിയാം. താന്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ മകള്‍ പ്രിയങ്കയെ പരീക്ഷിക്കുന്നതിനുള്ള അടവാണ് സോണിയ പ്രയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങിയെങ്കിലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് രക്ഷപ്പെടാനായില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളാണ് സംഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ റായ്ബറേലിക്കാരെ വൈകാരികമായി ബ്ലാക്മെയില്‍ ചെയ്ത് മകളെ ജയിപ്പിച്ചെടുക്കാനാണ് സോണിയ നോക്കുന്നത്. മകനിലുള്ള പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി ഉറപ്പായതിനാല്‍ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തിയാല്‍ മാത്രമേ ദല്‍ഹിയിലെ ഔദ്യോഗിക വസതി സോണിയക്ക് നിലനിര്‍ത്താനാവൂ എന്ന പ്രശ്നവുമുണ്ടാവാം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതികൊണ്ട് മകന് രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍നിന്ന് ഓടിപ്പോന്ന് വയനാട്ടില്‍ മത്സരിച്ചതുപോലെയാണ് റായ്ബറേലിയില്‍നിന്നുള്ള സോണിയുടെ പലായനവും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പുവരുത്താന്‍ രാഹുല്‍ വയനാട്ടിനു പകരം കര്‍ണാടകയിലോ ഉത്തരഭാരതത്തിലെ ഏതെങ്കിലും സീറ്റിലോ സ്ഥാനാര്‍ത്ഥിയാവണമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഇതിന് രാഹുല്‍ തയ്യാറല്ല. പാര്‍ട്ടി ജയിച്ചില്ലെങ്കിലും തന്റെ മകന് തോല്ക്കാന് പാടില്ലെന്ന നിലപാടാണ് സോണിയയ്ക്കുള്ളത്. ഇതുതന്നെയാണ് റായ്ബറേലിയില്‍ പ്രിയങ്കയെ നിര്‍ത്തുന്നതിനു പിന്നിലുള്ളതും. എന്നാല്‍ ഇപ്പോഴത്തെ നിലയ്ക്ക് പ്രിയങ്കയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഉത്തര്‍പ്രദേശിലെ ‘ഇന്‍ഡി’ സഖ്യം തകര്‍ച്ചയിലാണ്. കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ സമാജ്വാദി പാര്‍ട്ടിക്ക് യാതൊരു താല്‍പ്പര്യവുമില്ല. എന്‍ഡിഎ സഖ്യത്തിന് നേതൃത്വം നല്കുന്ന ബിജെപിയാവട്ടെ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലുമാണ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്ന മണ്ണില്‍ ചരിത്രപരമായ വിജയം മോദിയും യോഗിയും ആവര്‍ത്തിക്കും. റായ്ബറേലിയില്‍നിന്നുള്ള സോണിയയുടെ പലായനം മത്സരത്തിനു മുന്‍പേ കോണ്‍ഗ്രസ്സിന്റെ തോല്‍വി പ്രഖ്യാപിക്കുന്നതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് പാര്‍ട്ടിയെ നയിച്ചതിന്റെ ബഹുമതി മകനു പിന്നാലെ അമ്മയ്ക്കും അവകാശപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: