അബുദാബി : ഭാരതവും യുഎഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തെ പ്രശംസിച്ച് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സെയൂദി. സുസ്ഥിര വികസനം, പൊതുവായുള്ള താത്പര്യങ്ങൾ എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധമാണ് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്നതെന്ന് സെയൂദി പറഞ്ഞു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭാരതം – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉൾപ്പടെ വിവിധ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന ഈ സമഗ്ര പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ അളവില്ലാത്ത പിന്തുണയിലാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്റെ വേളയിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎഇയും ഭാരതവും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച CEPA-യുടെ രണ്ടാം വാർഷികവേളയിൽ നടക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. CEPA നിലവിൽ വന്ന ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നിക്ഷേപ നിരക്കുകളിൽ വലിയ വളർച്ചയുണ്ടായതായും, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം, പങ്കാളിത്തം എന്നിവ പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകുന്നതിൽ ഈ കരാർ വലിയ പങ്ക് വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2022-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ തന്നെ യുഎ ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഭാരതമെന്ന് അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ-ഇതര വ്യാപാരം 51.4 ബില്യൺ യു എസ് ഡോളർ രേഖപ്പെടുത്തിയതായും, ഇത് 2021-മായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വളർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019-മായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനം വളർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: