കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ആര്‍എസ്എസിനെ അടയാളപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പ്രചാരകന്, എം.എ.സാര്‍ എന്നറിയപ്പെടുന്ന മാനനീയ എം.എ.കൃഷ്ണന്റെ ജന്മദിനമാണ് മകരത്തിലെ ഉത്രട്ടാതി. ദിശ തെറ്റി സഞ്ചരിക്കുന്ന സാംസ്കാരിക ബോധത്തെ നേര്‍വഴിക്കു നയിക്കാനുള്ള ശ്രമങ്ങള്‍ സംഘപ്രവര്‍ത്തനത്തിലൂടെ നടത്തിയ എം.എ സാറിന്റെ 95-ാം പിറന്നാള്‍ ദിനമാണ് ഫെബ്രുവരി 13.
ബാലമനസ്സുകളെ ഭാരതീയത്തനിമയില്‍നിന്ന് അടര്‍ത്തിയെടുത്ത് സാംസ്കാരികമായും മതപരമായും അന്യവല്‍ക്കരിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ ദശകങ്ങളായി കേരളത്തിലുടനീളം നടന്നുവന്നു. അതിനെതിരെ ബാലഗോകുലം എന്ന പ്രസ്ഥാനത്തിലൂടെ പ്രതിരോധം സൃഷ്ടിച്ച വ്യക്തിയാണ് മാനനീയ എം.എ സാര്‍. ഭാരതീയ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കാനും സമ്പുഷ്ടമാക്കാനും പ്രതിജ്ഞാബദ്ധതയുള്ള സാംസ്കാരിക സംഘടന ‘തപസ്യ’യുടെ പ്രേരണയും എം.എ സാര്‍ ആണ്. തപസ്യയും ബാലഗോകുലവും കൂടാതെ എത്രയെത്ര വേദികള്‍ക്ക് എം.എ സാര്‍ രൂപവും ഭാവവും നല്കി. അമൃതഭാരതി, ബാലസാഹിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നിവയൊക്കെ സാംസ്ക്കാരിക കേരളത്തെ സമ്പുഷ്ടമാക്കി.
കൊല്ലം ഐവര്‍കാല ഗ്രാമത്തില്‍ ജനിച്ച എം.എ. കൃഷ്ണന്, തിരുവനന്തപുരം സംസ്കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യയും പാസായശേഷം കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്കൂളില്‍ അധ്യാപകനായി. ഒരു വര്‍ഷത്തിനുശേഷം രാജിവെച്ച് 1954 ല്‍ പ്രചാരകനായി. 1947 ല്‍തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട് രാഷ്ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ സംഘപ്രവര്‍ത്തനത്തിനവസരം ലഭിച്ചു. 1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തി. കേസരിവാരികയുടെ പത്രാധിപസ്ഥാനത്തിരുന്നും വേറിട്ടപ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ എം.എ.സാറിനായി.
അറുപതുവര്‍ഷത്തിലേറെയായുള്ള പ്രചാരക ജീവിതം കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രമാണ്. അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക, പൈതൃക, ചിന്തന മേഖലകളിലുണ്ടായ ഭാവാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം എം.എ സാറിന്റെ പുഷ്കലവും ഭാവസമൃദ്ധവും സുരഭിലവുമായ മനസ്സാണെന്നു പറയുന്നത് വസ്തുതാകഥനം മാത്രമാവും. പ്രാഥമികാധ്യയനകാലം മുതല്‍ സംസ്കൃത ഭാഷാധ്യയനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹത്തില്‍ അത് സൃഷ്ടിച്ച സൂര്യോദയത്തിന്റെ പ്രകാശ കിരണങ്ങള്‍ ഇന്ന് സര്‍വത്ര പ്രസരിക്കുന്നു. ഇച്ഛാശക്തിയും വിജിഗീഷയും, താന്‍ ഏറ്റെടുത്ത കാര്യത്തിന്റെ ദൈവീകതയും എം.എ. സാറിനെ മുന്നോട്ടു നയിച്ചു.
ഇടതുപക്ഷ, മതനിരപേക്ഷ, ഹൈന്ദവതാ നിരോധ പക്ഷക്കാരായിരുന്ന എത്രയോ പ്രഗല്ഭ വ്യക്തികളുടെ മനസ്സിലെ മേഘപടലങ്ങള്‍ ക്രമേണ നീങ്ങാന്‍ എം.എ സാറിന്റെ സമ്പര്‍ക്കം പ്രയോജനപ്പെട്ടു.
സാംസ്ക്കാരികമായി മാത്രം ചിന്തിക്കുന്ന, സാംസ്ക്കാരികമായി പ്രവര്‍ത്തിക്കുന്ന, എം.എ സാറിന്റെ രാഷ്ട്രീയ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പ്രത്യയശാസ്ത്രവുമൊക്കെ അടിമുടി സാംസ്ക്കാരികമാണ്. കാഴ്ചപ്പാടും നിലപാടും സാംസ്ക്കാരികമയവും. സാങ്കേതികാര്‍ത്ഥത്തില്‍ എം.എ.കൃഷ്ണന് സാഹിത്യകാരനോ, ബുദ്ധിജീവിയോ, സാംസ്ക്കാരിക പ്രതിഭയോ അല്ല. അതിനെക്കാളുപരി അവരെയൊക്കെ വാര്‍ത്തെടുക്കാനും വളര്‍ത്താനും നയിക്കാനും അസാധാരണ പാടവമുള്ള പ്രതിഭാസമാണ്. ശതാഭിഷിക്തനായ ശേഷവും ‘ഇദം ന മമ’ എന്ന് ഉരുവിട്ടുകൊണ്ട് എംഎ സാര്‍ എന്ന ഋഷി കര്‍മപഥത്തിലാണ്.
ബാലഗോകുലം പ്രവര്‍ത്തനവര്‍ഷത്തിന്റെ സുവര്‍ണ്ണജയന്തി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ തുടക്കമായി പൂര്‍വകാല പ്രവര്‍ത്തകരുടെ കുടുംബസംഗമം ‘സാന്ദ്രസൗഹൃദം’ എന്ന പേരില്‍ നടന്നുവരുന്നു. അതിന്റെ തുടര്‍ച്ചയായി എം.എ സാറിന്റെ ജന്മദിനത്തില് എറണാകുളം ഭാസ്ക്കരീയത്തില്‍ പൂര്‍വകാലപ്രവര്‍ത്തകരും നിലവിലെ ചുമതലക്കാരും ഒന്നിച്ചു ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: