ലക്നൗ : മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ മുൻ സർക്കാരുകൾ സ്വജനപക്ഷപാതത്തിലും അഴിമതിയിലും ഏർപ്പെട്ടിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ശുക്തീർഥ്റിൽ നിന്ന് ‘ഗ്രാമപരിക്രമ യാത്ര’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാരുകൾ അഴിമതിക്ക് കൂട്ടുപിടിച്ച് യോഗ്യതയെ അവഗണിച്ച് തങ്ങളുടെ ബന്ധുക്കളെ സർക്കാർ സ്ഥാനങ്ങളിൽ നിയമിച്ചെന്ന് യോഗി ആരോപിച്ചു. കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് സംസ്ഥാനത്തെ യുവാക്കൾ വഞ്ചിക്കപ്പെട്ടവരായിരുന്നു. ഇന്ന് സംസ്ഥാനത്ത് 60,000 സിവിൽ പോലീസ് കോൺസ്റ്റബിൾമാരെ ഒരു വിവേചനവുമില്ലാതെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ കഴിഞ്ഞ വർഷത്തെ കരിമ്പിൻ വിലയുടെ 99 ശതമാനത്തിലധികം അടച്ചു തീർത്തുവെന്ന് ചൂണ്ടിക്കാട്ടിയ ആദിത്യനാഥ് വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 119 പഞ്ചസാര മില്ലുകളിൽ 105 എണ്ണം കരിമ്പ് കർഷകർക്ക് 10 ദിവസത്തിനകം പണം നൽകുന്നുണ്ട്. ബാക്കിയുള്ള മില്ലുകളിൽ തങ്ങൾ സമ്മർദ്ദം ചെലുത്തുകയാണ്. കഠിനാധ്വാനികളായ കർഷകർക്ക് അവരുടെ കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിൽ ഇരട്ട എൻജിൻ സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് ആദിത്യനാഥ് പറഞ്ഞു.
മുൻ ഭരണകാലത്ത് ദൈനംദിന കലാപങ്ങൾ നമ്മുടെ സംസ്ഥാനത്തെ ബാധിച്ചിരുന്നു. മുസാഫർനഗർ കലാപത്തിന്റെ പാടുകൾ മാസങ്ങളോളം നീണ്ടുനിന്നു. എന്നാൽ കേന്ദ്ര – സംസ്ഥാന സർക്കാർ പ്രതിജ്ഞയെടുത്തിരുന്നു ഏവർക്കും സുരക്ഷാ ഉറപ്പാക്കുമെന്നത് . 2017 ൽ ഞങ്ങൾ നിങ്ങൾക്ക് സുരക്ഷ വാഗ്ദാനം ചെയ്തു. ഇന്ന് സംസ്ഥാനം മുഴുവൻ സുരക്ഷിതമായി അഭിവൃദ്ധിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ കലാപങ്ങൾക്ക് ഇരയായ മുസഫർനഗർ ഇന്ന് അംഗീകരിക്കപ്പെടുന്നത് ജൈവ ശർക്കരയുടെ പേരിലാണെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സർക്കാർ മുൻഗണനാ അജണ്ടയിൽ ഒന്നാമത് കാണുന്നത് കർഷകരെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒൻപത് പ്രമേയങ്ങളെ കേന്ദ്രീകരിച്ച് ബിജെപി കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമപരിക്രമ യാത്രയെ അദ്ദേഹം എടുത്തുപറഞ്ഞു.
ഈ പ്രമേയങ്ങളിൽ ജലസംരക്ഷണം, ഡിജിറ്റൽ പേയ്മെൻ്റുകൾ, ശുചിത്വ ഡ്രൈവുകൾ, പ്രാദേശിക, ആഭ്യന്തര ടൂറിസം, ജൈവകൃഷി, മില്ലറ്റുകൾ പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷകർക്ക് ആരോഗ്യ പരിരക്ഷയും സഹായവും നൽകൽ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു. ഈ പ്രമേയങ്ങളെക്കുറിച്ച് കർഷകരിലും ഗ്രാമീണരിലും ബോധവത്കരണം ഈ യാത്രയിലൂടെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി സഞ്ജീവ് കുമാർ ബലിയാൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: