ആര്‍ഷഭാരത ഋഷി പരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു മഹര്‍ഷി ദയാനന്ദ സരസ്വതി. ഇന്ന് അദ്ദേഹത്തിന്റെ 200-ാം ജന്മദിനമാണ്. ഋഷി ദയാനന്ദന് ഒരു യോഗി മാത്രമല്ല, ഉന്നത വേദപണ്ഡിതന് കൂടിയായിരുന്നു. സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ സന്ദേശവാഹകനായിരുന്നു അദ്ദേഹം. സ്ത്രീവിദ്യാഭ്യാസം, തൊട്ടുകൂടായ്മ, അടിമത്ത നിര്‍മ്മാര്‍ജനം, വിധവാ സംരക്ഷണം, അനാഥ പരിപാലനം, എല്ലാവര്ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം, ജന്മനായുള്ള ജാതിക്ക് പകരം യോഗ്യതയും കര്‍മ്മവും അനുസരിച്ചുള്ള വര്‍ണ്ണ വ്യവസ്ഥ, എല്ലാ മനുഷ്യര്‍ക്കും വേദപഠനത്തിന്റെ വാതിലുകള്‍ തുറന്നിടുക തുടങ്ങിയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അഗ്രദൂതനായിരുന്നു മഹര്‍ഷി ദയാനന്ദന്.
ലോകത്തിലെ അജ്ഞത ഇല്ലാതാക്കാനായി എല്ലാ മനുഷ്യരെയും ഒരു ജാതിയായി കണക്കാക്കി, സമത്വത്തിന് ജന്മം നല്കിയ ഗുരുകുല സമ്പ്രദായത്തെ പൊടിതട്ടിയെടുത്തു അദ്ദേഹം. സദാചാരത്തിനും ബ്രഹ്മചര്യത്തിനും ഊന്നല്‍ നല്കി. ഗുരുകുലങ്ങളിലെ പഠന-പാഠനത്തിന് ഉചിതമായ ആര്‍ഷ ഗ്രന്ഥങ്ങളെക്കുറിച്ചും ഉപേക്ഷിക്കേണ്ട അനാര്‍ഷ ഗ്രന്ഥങ്ങളെക്കുറിച്ചും അദ്ദേഹം വിശകലനം നടത്തി. ആര്യാവര്ത്തത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടുക, ഹിന്ദിയെ ഭാരതത്തിന്റെ ദേശീയ ഭാഷയാക്കുന്നതിന് വഴിതെളിക്കുക, രാജ്യത്തെ കലാ വൈദഗ്ധ്യത്തിനും ശാസ്ത്രത്തിനും ഊന്നല്‍ കൊടുക്കുക, കര്‍ഷകനെ രാജാക്കന്മാരുടെ രാജാവ് എന്ന് വിളിച്ച ഹരിതവിപ്ലവത്തിന്റെ സന്ദേശം നല്‍കുക, പശുക്കളില്‍ നിന്ന് സാമ്പത്തിക ഉന്നതി ഉണ്ടാക്കാം എന്ന് പ്രഖ്യാപിച്ച് പശു സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനം, ലഹരി പദാര്‍ത്ഥങ്ങളെ വര്ജിക്കാന് ആഹ്വാനം ചെയ്യുക, ഈശ്വരാരാധനയും പഞ്ചമഹായജ്ഞങ്ങളുടെ അനുഷ്ഠാനവും ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യ സമരത്തിനുള്ള പ്രചോദനം, വ്യാജ സിദ്ധാന്തങ്ങളെ തുറന്നു കാട്ടുക, സുവര്‍ണ്ണ വേദകാലത്തിന്റെ തിരിച്ചുവരവ് സങ്കല്‍പ്പിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
ആര്യാവര്‍ത്തത്തില്‍ വിദേശികളുടെ ഭരണവും രാജ്യം കീഴടക്കപ്പെടാനുള്ള കാരണങ്ങളെക്കുറിച്ചും സ്വാമിജി സത്യാര്‍ത്ഥ പ്രകാശത്തില്‍ പറയുന്നുണ്ട്. പരസ്പരം ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍, ബ്രഹ്മചര്യം അനുഷ്ഠിക്കാത്തത്, വിദ്യ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യാതിരുന്നത്, ബാലവിവാഹം, ഇന്ദ്രിയസുഖങ്ങളോടുള്ള ആസക്തി, വേദപ്രചാരണമില്ലായ്മ എന്നീ ദുഷ്പ്രവൃത്തികളാണ് അവക്ക് കാരണം എന്നദ്ദേഹം പറയുന്നുണ്ട്. ഭാരതത്തിന്റെ ദാരിദ്ര്യം, ആശ്രിതത്വം, മൃഗഹത്യ, വിധവകളുടെയും അനാഥരുടെയും ദുരവസ്ഥ, സ്ത്രീകളുടെ നിരക്ഷരത, തൊട്ടുകൂടാത്തവരുടെ അപകര്‍ഷത, കാപട്യങ്ങള്‍, മതത്തിന്റെ പേരിലുള്ള വഞ്ചന, വ്യഭിചാരം, അജ്ഞത, ഇതെല്ലാം ദയാനന്ദനെ ഉള്ളില്‍ നിന്ന് അസ്വസ്ഥനാക്കി. കഷ്ടപ്പെടുന്ന എല്ലാവരുടെയും ദുഃഖം തന്റേതായി അദ്ദേഹം കരുതി. ഒരിക്കല്‍ അദ്ദേഹം ഗംഗയുടെ തീരത്ത് സമാധിയില്‍ ലയിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ തന്റെ മകന്റെ വേര്‍പാടില്‍ വിലപിക്കുന്നതു കണ്ട്, സമാധിയിലെ ഏകാന്തമായ സന്തോഷം ഉപേക്ഷിച്ച് അദ്ദേഹം പൊതുജനക്ഷേമത്തില്‍ ഏര്‍പ്പെട്ടു.
യോഗികള്‍ ആത്മാവിന് പുറത്തുള്ള ലോകത്തെ തങ്ങളുടെ പാതയില്‍ തടസ്സമായി കണക്കാക്കുന്നിടത്ത് ദയാനന്ദന് ലോകത്തിന്റെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാന്‍ തന്റെ സര്‍വ്വശക്തിയുമെടുത്ത് പുറപ്പെടുകയും നിരവധി പ്രയാസങ്ങള്‍ സഹിച്ചിട്ടും ലോകക്ഷേമത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. അതിനായി അദ്ദേഹം നിരവധി കഷ്ടപ്പാടുകള്‍ സഹിക്കുക മാത്രമല്ല, തന്റെ ജീവന് ബലിയര്‍പ്പിക്കുകയും ചെയ്തു, മഹര്‍ഷി തന്റെ നവോത്ഥാന പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുക എന്ന പ്രതിജ്ഞയില്‍ ഉറച്ചുനില്‍ക്കുകയും പൊതുസേവനത്തിന്റെ ദുഷ്കരമായ ദൗത്യം പൂര്‍ണ്ണഹൃദയത്തോടെ നിറവേറ്റുകയും ചെയ്തു. യോഗികള്‍ക്കിടയിലും ദേവദയാനന്ദന്റെ പ്രത്യേകത ഇതായിരുന്നു.
യോഗദര്‍ശനത്തിന്റെയും സമ്പൂര്‍ണ്ണ ആര്ഷവിദ്യയുടെയും അടിസ്ഥാനത്തില്‍ വേദങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമാക്കി മഹര്‍ഷി ദയാനന്ദന് വേദങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. വേദങ്ങളുടെ മറ്റ് വ്യാഖ്യാതാക്കള്‍ യാജ്ഞികവും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍ നല്കി വേദങ്ങളെ പരിമിതപ്പെടുത്തുകയും വികൃതമാക്കുകയും ചെയ്ത് വേദങ്ങളുടെ പ്രാധാന്യം കുറച്ചു. എന്നാല്‍ വേദങ്ങള്‍ എല്ലാ സത്യവിദ്യകളുടെയും ഗ്രന്ഥമാണെന്ന് തന്റെ വ്യാഖ്യാനത്തില്‍ വ്യക്തമാക്കാന്‍ മഹര്‍ഷി ഒരു വിജയകരമായ ശ്രമം നടത്തി. സത്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭൗതികശാസ്ത്രം, ആത്മീയ ശാസ്ത്രം എന്നിവയുടെ ഉയര്‍ന്ന ഘടകങ്ങള്‍ അദ്ദേഹത്തിന്റെ വേദഭാഷയില്‍ കണ്ടെത്താനാകും. കൃഷി, പശു സംരക്ഷണം, ആയുധ പരിജ്ഞാനം, വിമാനങ്ങള്‍, വാഹനങ്ങള്‍, വൈദ്യുതി തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ വേദഭാഷയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ഇന്നത്തെ ശാസ്ത്രയുഗത്തിന് പുതിയ ദിശാബോധം നല്കാന് പ്രാപ്തിയുള്ളതാണ്.
വേദവ്യാഖ്യാതാക്കളില്‍ പോലും ദയാനന്ദന് അതുല്യനാണ്. യഥാര്‍ത്ഥ ശിവനെ ദര്‍ശിക്കുക, യോഗയിലൂടെ ആത്മാവിനെയും ഈശ്വരനെയും തിരിച്ചറിയുക, പശുക്കളുടെയും വിധവകളുടെയും അനാഥരുടെയും നികൃഷ്ടമായ അവസ്ഥ, രാജ്യത്തെ കീഴ്പ്പെടുത്തല്, സ്ത്രീകളുടെയും ദളിതരുടെയും അസ്പൃശ്യരുടെയും ദുരവസ്ഥ തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന് മുന്നില്‍ ഉണ്ടായിരുന്നത്. സ്വര്‍ണ്ണപ്പക്ഷി എന്ന് വിളിക്കപ്പെടുന്ന ഭാരതത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ അടക്കം ചെയ്യുക എന്ന അജ്ഞതയുടെയും കാപട്യത്തിന്റെയും പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെതിരായി അദ്ദേഹം തന്റെ ജീവിതകാലം മുഴുവന്‍ ഒരു ധീരയോദ്ധാവിനെപ്പോലെ പോരാടി, ഒടുവില്‍ അതിനായി തന്റെ ജീവന് ബലിയര്‍പ്പിച്ചു. തന്റെ മരണശേഷം ശരീരം വേദവിധി പ്രകാരം അന്ത്യേഷ്ടി സംസ്കാരം നടത്തണം എന്നും സമാധി ഇരുത്തുക തുടങ്ങിയ വേദവിരുദ്ധമായ ആചാരങ്ങള്‍ ചെയ്യരുത് എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജീവിതത്തിലുടനീളം ആരെയും നിരാശപ്പെടുത്താത്ത ദയാനന്ദന് എന്തിനാണ് മരണത്തെ പോലും നിരാശപ്പെടുത്തുന്നത്? മരണാസന്നനായ അവസരത്തില്‍ ഗുരുദത്തിനെപ്പോലെയുള്ളവരെ ഉണര്‍ത്തി വിഷം നല്കിയവന് സംരക്ഷണം നല്കി ജീവന് രക്ഷിച്ച മഹര്‍ഷി മറ്റൊരു പ്രത്യേകത കൂടി കാണിച്ചു. അദ്ദേഹം അവിടെ ഇരുന്നു ഈശ്വരനെ സ്മരിച്ചുകൊണ്ട് പറഞ്ഞു – ‘ഈശ്വരാ! അങ്ങയുടെ ആഗ്രഹം സഫലമാകട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുകയും സ്വന്തം പ്രാണനെ മഹാപ്രാണനില് ലയിപ്പിക്കുകയും ചെയ്തു. വേദവ്യാഖ്യാനം അപൂര്ണ്ണമായതിന്റെ ദുഃഖമോ ആര്യസമാജത്തിന്റെ വളര്‍ച്ചയോ ഒന്നുമദ്ദേഹത്തില് അപ്പോള്‍ ദര്‍ശിച്ചില്ല. ജീവിതകാലം മുഴുവന്‍ ഈശ്വരന്റെ കല്‍പ്പനകള്‍ പാലിച്ചവന്, ഇന്ന് അദ്ദേഹത്തിന്റെ ആജ്ഞകള്‍ നേടിയ ശേഷം, സുഖമോ ദുഃഖമോ ഇല്ലാത്ത നിത്യതയുടെ പാതയിലേക്ക് യാത്രയായി. ദേവ ദയാനന്ദാ, അങ്ങയുടെ മരണവും അതുല്യമായിരുന്നു.
ധര്മ്മബോധത്തില് പോലും ദയാനന്ദന് അതുല്യനാണ്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടും ധര്‍മ്മത്തിന്റെ പാതയില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി നാം കാണുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാല്‍, തന്റെ മതം പിന്തുടരാന് എന്തുമാത്രം പ്രയാസങ്ങള്‍ സഹിച്ചുവെന്ന് നമുക്ക് മനസ്സിലാകും. വാളുകൊണ്ടും, ഇഷ്ടികയും കല്ലുകൊണ്ടുമുള്ള ആക്രമണം, അപമാനിക്കല്‍, വ്യാജ ആരോപണങ്ങള്‍, വിഷം കഴിപ്പിക്കല്‍, സാമ്പത്തിക പ്രലോഭനങ്ങള്‍- ഇവയ്ക്കൊന്നും അദ്ദേഹത്തെ ധര്‍മ്മത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ആര്‍ക്കാണ് ഇത്രയും തപസ്സുചെയ്യാന്‍ കഴിയുക? ‘ഇദം ധര്‍മ്മായ – ഇദം ന മമ’ എന്ന് പറഞ്ഞ് സ്വയം ത്യാഗം ചെയ്യുന്ന എത്രപേരെ ലോകത്ത് കാണാം? സത്യത്തില്‍ ‘ന്യായാത് പഥ: പ്രവിചലന്തി പദമ് ന ധീരാഃ’ – അര്‍ത്ഥം: ആയിരക്കണക്കിന് പ്രയാസങ്ങള്‍ നേരിടുമ്പോഴും ക്ഷമാശീലരായ ആളുകള്‍ നീതിയുടെ പാതയില്‍ നിന്ന് ഒരടി പോലും വ്യതിചലിക്കുന്നില്ല എന്നാണ്. ദയാനന്ദന് ക്ഷമയുടെ മാതൃകയാണ്. ശാരീരിക തപസ്സായാലും, കഷ്ടപ്പാടുകള്‍ സഹിച്ചിട്ടും ധര്‍മ്മത്തില്‍ ഉറച്ചുനില്ക്കുന്നവരായാലും, ദയാനന്ദന് രണ്ടിലും ഉന്നതനായ ഒരു മഹാനാണ്. ദയാനന്ദന് എവിടെയും അതുല്യനാണ്.
ശരീരത്തിന്റെയും ആത്മാവിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി അദ്ദേഹം ഒരു സമ്പൂര്‍ണ കാര്യപരിപാടി കൊണ്ടുവന്നിരുന്നു. കാലത്തിന്റെ പ്രവാഹം തൊട്ടുതീണ്ടാത്ത, യുഗത്തിനുപോലും മങ്ങലേല്‍പ്പിക്കാന്‍ പറ്റാത്ത പുതിയ തുണിയാണ് അദ്ദേഹം നെയ്തെടുത്തത്. അതാണ് ശാശ്വതവും അനശ്വരവുമായത്. മേല്‍പ്പറഞ്ഞ ഉന്നത ഗുണങ്ങളും നേതൃത്വപാടവവും സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ തുടക്കക്കാരനുമായിട്ടും, ഈ മഹാപുരുഷന് പുതിയ മതങ്ങളോ സിദ്ധാന്തങ്ങളൊ ഒന്നും ആരംഭിച്ചില്ല. എന്നാല്‍ പുരാതന വൈദിക വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ ഒരു സമാജം സ്ഥാപിച്ചു. സ്വാമി ദയാനന്ദന്റെ 200-ാം ജന്മവാര്ഷികമാചരിക്കുന്ന ഈ അവസരത്തില്‍ ലോകം മുഴുവന്‍ ആ മഹാനായ യോഗിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. അദ്ദേഹം കാണിച്ച വേദങ്ങളുടെ പാത പിന്തുടരുന്നു. വേദങ്ങളെക്കുറിച്ചുള്ള അറിവ് ലോകത്ത് പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.
(കടപ്പാട് : ഡോ. വിവേക് ആര്യയുടെ ലേഖനങ്ങള്‍, സത്യര്ത്ഥപ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക തുടങ്ങിയ ഗ്രന്ഥങ്ങള്‍)
(ആര്യസമാജം പ്രചാരകനും അധിഷ്ഠാതാവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: