ന്യൂദൽഹി: വ്യാജ വിസ റാക്കറ്റുമായി ബന്ധപ്പെട്ട് 34-കാരനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നിവാസി മുകേഷിനെ ഐജിഐ എയർപോർട്ട് പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
2023 ജൂലൈയിൽ തായ്ലൻഡിൽ വ്യാജ വിസയിൽ സഞ്ചരിക്കുന്നതിനിടെ സെഹജ്പ്രീത് സിംഗ് എന്ന ഭാരത യാത്രക്കാരനെ പിടികൂടിയപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്താകുന്നത്. തുടർന്ന് സെഹജ്പ്രീത് സിംഗിനെ ഭാരതത്തിലേക്ക് നാടുകടത്തി ഏജൻസികൾക്ക് കൈമാറുകയാണുണ്ടായതെന്ന് വിമാനത്താവളം ഡിസിപി ഉഷാ രംഗ്നാനി പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പണം സമ്പാദിക്കാൻ വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്ന് സിംഗ് വെളിപ്പെടുത്തി. 2022ൽ പഞ്ചാബ് ആസ്ഥാനമായുള്ള മുകേഷ് എന്ന ട്രാവൽ ഏജൻ്റുമായി ഫെയ്സ്ബുക്കിൽ സൗഹൃദം സ്ഥാപിച്ചതായും രംഗ്നാനി പറഞ്ഞു.
താൻ വർഷങ്ങളോളം മലേഷ്യയിൽ ജോലി ചെയ്തിരുന്നതായും നല്ല തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് മുകേഷ് വശീകരിച്ചതെന്നും രംഗ്നാനി പറഞ്ഞു. തുടർന്ന് ഒരു ലക്ഷം രൂപ നൽകി സിംഗ് തായ്ലൻഡിലേക്ക് പോയി, അവിടെ വിമാനത്താവളത്തിൽ വച്ച് അധികൃതർ പിടികൂടി ഭാരതത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു
സംഭവത്തിൽ മറ്റ് ഏജൻ്റുമാരുടെ പങ്കാളിത്തം കണ്ടെത്തുന്നതിനും സമാനമായ മറ്റ് കേസുകളിൽ മുകേഷിന്റെ പങ്കാളിത്തം കണ്ടെത്താൻ മുകേഷിന്റെ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനുമായി കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: