ഇന്ന് ‘ഭോജവാസാ’ താവളത്തിലെത്തി. നാളെ രാവിലെ ഗോമുഖത്തിലേയ്ക്കു പുറപ്പെടണം. ഇവിടെ ജനസഞ്ചാരമില്ല. ഉത്തരകാശിയിലേയ്ക്കും ഗംഗോത്രിയിലേയ്ക്കുമുള്ള വഴിയില്‍ യാത്രക്കാരെ കണ്ടുമുട്ടാറുണ്ട്. താവളങ്ങളില്‍ തങ്ങുന്ന ജനക്കൂട്ടവും കാണാറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊന്നുമില്ല. ഇന്നു മൊത്തത്തില്‍ ഞങ്ങള്‍ ആറു യാത്രക്കാരുണ്ട്. എല്ലാവരും സ്വന്തം ഭക്ഷണം ഒപ്പം കൊണ്ടുവന്നിട്ടുണ്ട്. ഭോജവാസാ(ഭോജനാലയം) എന്ന പേരും ധര്‍മ്മശാലയും ഉണ്ടെങ്കിലും താഴത്തെ താവളങ്ങളിലെ സൗകര്യമൊന്നും ഇവിടില്ല.
മുമ്പിലുള്ള പര്‍വതത്തിലേയ്ക്കു കണ്ണോടിച്ചപ്പോള്‍ ഹിമഗിരി സ്വന്തം കൈകള്‍കൊണ്ട് ശിവഭഗവാന്റെമേല് ജലാഭിഷേകം ചെയ്തു പൂജിക്കുകയാണെന്നു തോന്നിപ്പോയി.
അലൗകികമായ കാഴ്ച ആയിരുന്നു. വളരെ ഉയരത്തില്‍ ്നിന്നും ഒരു ചെറിയ ജലധാര അതിന്മേലാണ് വീണുകൊണ്ടിരുന്നത്. വീഴുന്ന സമയത്ത് ജലധാര ചിന്നിച്ചിതറി ചെറിയ ചെറിയ കഷണങ്ങളായി മാറിയിരുന്നു. സൂര്യകിരണങ്ങള്‍ അവയില്‍ പതിച്ച് സപ്തവര്ണാഭയാര്ന്ന മാരിവില്ലായി കാണപ്പെട്ടു. സാക്ഷാല്‍ ശിവന് ഇരിക്കുകയാണെന്നും മുടിക്കെട്ടില്‍ ഗംഗപതിക്കുകയാണെന്നും ഏഴുവര്ണ്ണങ്ങളിലുള്ള പുഷ്പവൃഷ്ടി നടക്കുകയാണെന്നുമുള്ള അനുഭൂതിയാണുണ്ടായത്. എത്രനേരം കണ്ടുകൊണ്ടിരുന്നാലും മതിവരാത്തവണ്ണം മനോഹരമായിരുന്നു ആ ദൃശ്യം. ഇരുട്ട് യവനിക വീഴ്ത്തുന്നതുവരെ കണ്ടുകൊണ്ടിരുന്നുപോയി. അത്രയ്ക്കു അലൗകിക മനോഹരമായ കാഴ്ചയായിരുന്നു.
സൗന്ദര്യം ആത്മാവിന്റെ ദാഹമാണ്, പക്ഷേ അത് കൃത്രിമത്തിന്റെ ചളിയില്‍ എവിടെ ലഭിക്കാനാണ്? ഈ പര്‍വതങ്ങളുടെയും വനങ്ങളുടെയും ചിത്രങ്ങളുണ്ടാക്കി വീടുകളില്‍ തൂക്കിയിട്ട് ആളുകള്‍ ആനന്ദിക്കാറുണ്ട്. എന്നാല്‍ പ്രകൃതിയുടെ മടിത്തട്ടില്‍ പ്രവഹിക്കുന്ന സൗന്ദര്യപ്രപാതം ആരും തിരിഞ്ഞുനോക്കാറില്ല. ഇവിടെ വഴിനീളെ സൗന്ദര്യം വഴിഞ്ഞു നില്‍ക്കുകയാണ്. ഹിമാലയത്തിനെ സൗന്ദര്യസാഗരമെന്നു വിളിക്കാറുണ്ട്. ഇതില്‍ സ്നാനം ചെയ്യുമ്പോള്‍ ആത്മാവില്്, അന്തഃകരണത്തില്്, ഒരു പ്രകമ്പനംപോലെ, (അവാച്യമായ കുളിരൊഴുക്കുപോലെ) അനുഭവപ്പെടുന്നു. ഈ അനന്തസൗന്ദര്യ രാശിയില്‍ എന്തുകൊണ്ട് സ്വയം ലയിച്ചുകൂടാ എന്നു മനസ്സു മന്ത്രിക്കുകയാണ്.
ഇന്നത്തെ കാഴ്ച പ്രകൃതിയുടെ അത്ഭുതംതന്നെ ആയിരുന്നു. എന്നാല്‍ ഭാവനയാകട്ടെ, സാക്ഷാല്‍ ശിവദര്‍ശനം ലഭിച്ചാലെന്നപോലെയുള്ള അനുഭൂതി ഉളവാക്കുന്ന ദിവ്യമായ കാഴ്ചയില്‍ അവാച്യമായ ആനന്ദത്തില്‍ ആറാടി. ഈ ആനന്ദാനുഭൂതിയില് അന്തഃകരണം ഇരുന്നു ഗദ്ഗദംപൂണ്ടു. ഇവിടെ വന്നു പറ്റാന്‍ കഴിയാത്തവര്്ക്ക്, ഇതു വായിച്ചെങ്കിലും ഈ ആനന്ദാനുഭൂതി ഉളവാകത്തക്കവണ്ണം ഇതിന്റെ ഒരംശമെങ്കിലും എഴുതി ഫലിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍!
നാഴികക്കല്ല്
ഉത്തരകാശിയില്‍ നിന്നും യാത്ര തുടങ്ങിയപ്പോള്‍ ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇന്നു വീണ്ടും ഉണ്ടായി. ‘ഭട്വാഡി’ താവളം വരെയുള്ള വഴിയുടെ വീതി കൂട്ടാനുള്ള പണികള്‍ നടക്കുകയായിരുന്നു. അതുകൊണ്ടു രണ്ടുദിവസം എങ്ങും മൈല്‍കുറ്റികള്‍ കാണാനില്ലായിരുന്നു. വഴിയിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും പെട്ടെന്നു ക്ഷീണിപ്പിക്കുമായിരുന്നു. ഇടതൂര്‍ന്ന വനാന്തരങ്ങളിലെ പ്രകൃതിഭംഗികള്‍ ആകര്‍ഷണീയമായിരുന്നു. എന്നിരുന്നാലും എല്ലാദിവസവും 24 മണിക്കൂറും അതുതന്നെ കണ്ടുകണ്ടു ആദ്യം തോന്നിയിരുന്ന ആകര്‍ഷണം കുറഞ്ഞു കുറഞ്ഞു വന്നു. വിജനപ്രദേശത്തു കൂടെ തനിയെയുള്ള യാത്രയും മുഷിഞ്ഞു തുടങ്ങി.
ജനകോലാഹലങ്ങള്ക്കിടയില് ജീവിച്ചുവന്ന മനുഷ്യന് നിശബ്ദമായ ഏകാന്തത അരോചകമായിരുന്നു. ഈ ഏകാന്തമൂകതയും, കഠിനാദ്ധ്വാനവും മനസ്സിനെയും ശരീരത്തെയും തളര്‍ത്തുമ്പോള്‍ ഒരേ ഒരു ജിജ്ഞാസ പൊന്തിവരുന്നത് ഇതാണ്: ഇന്ന് എത്രദൂരം പിന്നിട്ടു, ഇനി എത്രദൂരം ബാക്കി ഉണ്ട്?
കുറേശ്ശെ നടന്നുകഴിയുമ്പോള്‍ എതിരെ വരുന്നവരോടു ചോദ്യമായി; ‘അടുത്ത താവളത്തിലേയ്ക്ക് ഇനി എത്ര ദൂരമുണ്ട്’. അതില്‍നിന്നും ഇനി എത്രദൂരം നടക്കാനുണ്ടെന്ന് അനുമാനിക്കുമായിരുന്നു, ചില വഴിയാത്രക്കാര്‍ ഗര്‍വിഷ്ഠരായിരുന്നു, അറിയാമെങ്കിലും പറയില്ല. ചിലര്‍ക്ക് അറിയാമായിരുന്നില്ല, ചിലരുടെ അനുമാനം ശരിയായിരുന്നില്ല. മൈലുകളുടെ വ്യത്യാസമുണ്ടായിരുന്നു. അതിനാല്‍ ചോദിച്ചാല്‍ തന്നെ ശരിയായ ഉത്തരം കിട്ടുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. ഇതൊരു വലിയ അഭാവം തന്നെ ആയിരുന്നു, വിശേഷിച്ച് തനിയെ യാത്ര ചെയ്യുന്ന ആളിന്. നാലഞ്ചുപേരെങ്കിലും ഉണ്ടെങ്കില്‍ ചിരിച്ചും പറഞ്ഞും വഴിനീങ്ങുന്നത് അറിയില്ല. എന്നാല്‍ തനിച്ചാവുമ്പോഴത്തെ സ്ഥിതി വളരെ കഷ്ടമാണ്. ഈ കഷ്ടപ്പാടില്‍ നാഴികകല്ലിന്റെ പ്രാധാന്യം എത്രയാണെന്ന് ഭട്വാഡി ക്യാമ്പില്‍ നിന്നും ഗംഗോത്രിവരെയുള്ള യാത്രയില്‍ ബോദ്ധ്യമായി. ഇതിനിടയില്‍ മൈല്‍ക്കുറ്റികള്‍ നാട്ടിയിരുന്നില്ലെങ്കിലും പര്‍വതത്തിന്റെ ചുമരുകളില്‍ വെള്ളയടിച്ചു അതിന്മേല് ചുവന്ന ചായംകൊണ്ട് 25/6 എന്നിങ്ങനെ അവിടവിടങ്ങളില്‍ എഴുതിയിരുന്നു. ഇതിന്റെ അര്‍ത്ഥം ‘ധരാസു’വില്‍ നിന്ന് 25 മൈലും 6 ഫര്‍ലോങ്ങും ആയി എന്നാണ്. കഴിഞ്ഞ താവളം എത്രാമത്തെ മൈലില്‍ ആയിരുന്നുവെന്നും അടുത്ത താവളം എത്രാമത്തെ മൈലിലാണെന്നുമുള്ള വിവരം പടത്തില്‍നിന്നും മനസ്സിലാക്കിയിരുന്നു. ഈ വിജന പ്രദേശത്ത് ഫര്ലോങ്ങിലെ ഒരക്ഷരംപോലും വളരെ സഹായകമായിരുന്നു. ഒരു ഫര്‍ലാങ്ങ് കഴിയുമ്പോള്‍ അടുത്തതിനെപ്പറ്റിയുള്ള വിചാരമായി. അതെത്തിക്കഴിയുമ്പോള്‍ ഹാവൂ, ഇത്രയും വിജയിച്ചു, ഇനി ഇത്രയേ ബാക്കിയുള്ളു, എന്ന സന്തോഷവുമായി.
വീണ്ടും ഇന്നു ഗംഗോത്രിയില്‍ നിന്നും ഗോമുഖത്തേയ്ക്കുള്ള വഴിയില്‍ ഫര്‍ലോങ്ങുകള്‍ ഇല്ലായിരുന്നു. അതിനാല്‍ ഉത്തരകാശിയില്‍ നിന്നുള്ള ആദ്യത്തെ രണ്ടുദിവസത്തെ യാത്രയിലനുഭവപ്പെട്ട അതേ അസൗകര്യംതന്നെ അനുഭവപ്പെട്ടു. ഗംഗോത്രിയില്‍നിന്നും ഗോമുഖത്തേയ്ക്കുള്ള ഈ 18 മൈല്വഴി വളരെ ബദ്ധപ്പെട്ടാണ് തള്ളിനീക്കിയത്. ഒന്നാമത് ഈ വഴി ദുര്‍ഘടം. പുറമേ വഴികാട്ടികളായ മൈല്കുറ്റികളുടെയും, ഫര്ലോങ്ങുകുറ്റികളുടെയും അഭാവം. ഇന്നു ഈ വരികള്‍ എഴുതുമ്പോള്‍ ഈ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ അലട്ടുകയാണ്.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: