ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും വലിയ അഴിമതികള്‍ നടത്തിയ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ ഡിഎംകെയും സിപിഎമ്മുമാണ് കേന്ദ്രത്തിനെതിരെ സമരവുമായി ദല്‍ഹിയില്‍ എത്തുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് പാര്‍ലമെന്റില്‍ ആരോപണമുയര്‍ത്തിയ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന് നല്കിയ മറുപടിയില്‍ എല്ലാം വ്യക്തമാണ്. നേരിട്ടുള്ള നികുതി വിതരണം ധനകാര്യ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ്. പരോക്ഷ നികുതി വിതരണം ചെയ്യുന്നതാകട്ടെ ജിഎസ്ടി നിയമപ്രകാരവുമാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ വിവേചനാധികാരമില്ല, ഒരുപക്ഷേ കേരളത്തില്‍ വിവേചനമുണ്ടായിരിക്കാമെങ്കിലും ഇവിടെ അങ്ങനെയല്ല.
രാജ്യത്ത് ഇന്ന് ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം 2016 മുതല്‍ 2023 വരെ കേരളത്തിന് 1.10 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മറ്റൊരു സംസ്ഥാനവും ഇത്രയും നഷ്ടം വരുത്തിയിട്ടില്ല. ഗള്‍ഫ് പണത്തിന്റെ വരവ് കൂടി നിലച്ചിരുന്നുവെങ്കില്‍ കേരളം ശ്രീലങ്കയെക്കാള്‍ മോശമായ സാമ്പത്തിക സ്ഥിതിയിലേക്കു നീങ്ങുമായിരുന്നു. സമ്പദ് വ്യവസ്ഥയില്‍ സ്വയം സൃഷ്ട്ടിച്ച കെടുകാര്യസ്ഥതയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുകയാണ് ഈ രാഷ്ട്രീയ നാടകത്തിന്റെ ലക്ഷ്യം. കാറല്‍ മാര്‍ക്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും നേടിയവര്‍ക്കു മാത്രമേ ഇത്രയും വലിയ നഷ്ടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പരിഹസിച്ചു.
കേരള ധനമന്ത്രി 57,000 കോടി ലഭിക്കാനുണ്ടെന്ന് ആവര്‍ത്തിക്കുന്നു, എന്നാല്‍ നിര്‍മലാ സീതാരാമന് കേരളത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആ തുക 5,000 കോടിയായി കുറഞ്ഞു. ദല്‍ഹിയില്‍ കേരളസര്‍ക്കാര്‍ നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കേരളത്തെ പാപ്പരത്തത്തിന്റെ വക്കിലെത്തിച്ചു. പരിഹാരമില്ലെന്ന് തീര്‍ത്തും ബോധ്യമായപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള പുതിയ തന്ത്രം അവര്‍ കണ്ടെത്തുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും യഥാസമയം റിക്കാര്‍ഡ് ധനസഹായം കേന്ദ്രസര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള പാപ്പരായ സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനമാണ് കേരളം. അവര്‍ ജന്തര്‍ മന്തറില്‍ ഈ നാടകം കളിക്കുമ്പോള്‍, അവരോട് ഈ ചോദ്യങ്ങള്‍ ചോദിക്കണമെന്നും പ്രതികരണങ്ങള്‍ തേടണമെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: