കോഴിക്കോട്: മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങള്‍ മുടങ്ങിയിട്ട് മാസങ്ങളായതോടെ പണമടച്ച് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കുമായി കാത്തിരിക്കുന്നവര്‍ ആശങ്കയില്‍.
കഴിഞ്ഞ നവംബറിലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി പുതുക്കല്‍, പേരു മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ നിലച്ചത്. ഇതോടെ വിവിധ ആര്‍ടി ഓഫീസുകളില്‍ പണമടച്ച് അപേക്ഷ നല്കിയ 12 ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്ത് പ്രതിസന്ധിയിലായത്.
സാമ്പത്തിക പ്രതിസന്ധിയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങള്‍ നിലയ്ക്കാന്‍ കാരണമെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് പിവിസി കാര്‍ഡ് രൂപത്തില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ) കമ്പനിക്ക് എട്ടുകോടിയിലധികം കുടിശികയായതോടെ കഴിഞ്ഞ ഒക്ടോബറില്‍ അച്ചടി നിര്‍ത്തി. തപാല്‍ വകുപ്പിനും കുടിശികയായതോടെ വിതരണവും നിലച്ചു. തപാല്‍ വകുപ്പിന്റെ കുടിശിക തീര്‍ക്കാന്‍ പണം അനുവദിച്ചതോടെ വിതരണം പുനഃസ്ഥാപിച്ചെങ്കിലും അച്ചടി തുടങ്ങിയില്ല. ഒരു കാര്‍ഡിന് 398 രൂപ നിരക്കില്‍ സ്വകാര്യ കമ്പനി ആദ്യം അപേക്ഷ നല്‍കിയെങ്കിലും കോടതി ഇടപെട്ട് ഒരു കാര്‍ഡിന് 60 രൂപയ്ക്ക് ഐടിഐക്ക് കരാര്‍ നല്‍കുകയായിരുന്നു.
ലൈസന്‍സിനായി 1005 രൂപയാണ് അപേക്ഷകര്‍ അടയ്ക്കേണ്ടത്. നിലവിലെ ലൈസന്‍സ് പിവിസി കാര്‍ഡുകളിലേക്ക് മാറ്റാന്‍ അപേക്ഷകര്‍ 245 രൂപയാണ് നല്‍കുന്നത്. രജിസ്ട്രേഷന് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഡ്രൈവിങ് ലൈസന്‍സും ആര്‍സിയും നല്‍കുന്നില്ല. ലൈസന്‍സ് നല്‍കാതെ ആളുകളില്‍ നിന്ന് പിഴയീടാക്കാനുള്ള തന്ത്രമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപേക്ഷകര്‍ അപേക്ഷയുടെ നിലവിലെ അവസ്ഥ നോക്കുമ്പോള്‍ ‘പ്രിന്റിങ് നിലച്ചിരിക്കുന്നു’ എന്നാണ് കാണിക്കുന്നത്. ഫോണിലൂടെയും നേരിട്ടും വിവരം തിരക്കുന്നവര്‍ നിരവധിയാണ്. രേഖകള്‍ എന്ന് ലഭിക്കുമെന്ന് ഉറപ്പ് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: