അമ്പലപ്പുഴ: ഫ്ളാറ്റ് നിര്‍മാണത്തിന് മുടക്കിയ കോടികള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഫ്ളാറ്റ് നിര്‍മാണം കരാറുകാരന് നിര്‍ത്തിവെച്ചു. ഹരിപ്പാട് മുട്ടം ജ്യോതിസില്‍ പ്രദീപ് മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന് നിര്‍ത്തിവെച്ചത്.
തീരദേശത്ത് 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വരെ പുനരധിവസിപ്പിക്കാനാണ് 3.49 ഏക്കറില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നത്. അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി എന്നിവിടങ്ങളിലെ 204 കുടുംബങ്ങളെയാണ് പദ്ധതിയിലുള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 2019 ഫെബ്രുവരി 21 നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
10 മാസത്തിനുള്ളില്‍ പുര്ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഫ്ളാറ്റ് നിര്‍മാണം 5 വര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. 14 കോടി രൂപയാണ് പദ്ധതിച്ചെലവ്.
2020ലാണ് പ്രദീപ് നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നത്. 10 കോടിയോളം രൂപ ഇതിനകം ലഭിച്ചെങ്കിലും ഫ്ളാറ്റ് നിര്‍മാണത്തിനായി ചെലവഴിച്ച രണ്ട് കോടിയിലധികം രൂപ തനിക്ക് ഇനിയും ലഭിക്കാനുണ്ടെന്ന് പ്രദീപ് പറയുന്നു. രണ്ട് മാസം മുമ്പ് 37 ലക്ഷം രൂപയുടെ ബില്‍ ട്രഷറിയില്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ പ്രതിസന്ധി മൂലം ഒരു രൂപ പോലും ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചിട്ടില്ല.
ഇപ്പോള്‍ പ്രതിമാസം ആറ് ലക്ഷത്തില്‍പ്പരം രൂപ ബാങ്കില്‍ പലിശയടക്കണം. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് ഇദ്ദേഹത്തിന് കരാര്‍ റദ്ദാക്കി നോട്ടീസ് നല്കി. ഒരാഴ്ച്ചക്കുള്ളില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
മാവേലിക്കരയില്‍ നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാല്‍ ഈ തുകയും തനിക്ക് ലഭിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. ടൈല്‍ പാകലും ഒന്നാം ഘട്ട പെയിന്റിങ്ങും മാത്രമാണ് ഇനി ഫഌറ്റില്‍ ചെയ്യാനുള്ളത്. ഇനി പണം ലഭിക്കാതെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തില്ലെന്ന കടുത്ത നിലപാടിലാണ് കരാറുകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: