അമ്പതുവര്‍ഷം മുന്‍പ് നാട്ടിന്‍പുറത്തെ പലചരക്കു കടകളില്‍ ഉപ്പ് കച്ചവടത്തിനു വച്ചിരുന്നത് കടയ്‌ക്കു പുറത്ത് ഒരു ചാക്കില്‍, കോരിയെടുക്കാന്‍ ഒരു ചിരട്ടയുമിട്ടായിരുന്നു. പേരിന് മാത്രമായിരുന്നു പണമീടാക്കിയിരുന്നത്. ഉപ്പ് ആരും മോഷ്ടിച്ചുകൊണ്ടുപോയിരുന്നില്ല. ഉപ്പ് ഭൗതികജീവിതത്തിന്റെ അനിവാര്യഘടകമായിരുന്നിട്ടും കര്‍പ്പൂരം ഉപ്പുപോലെ നിത്യോപയോഗവസ്തുവല്ല. ‘ഉപ്പുതൊട്ട് കര്‍പ്പൂരത്തിനു വരെ വിലകൂടി’ എന്നായിരുന്നു അന്നൊക്കെ രാഷ്‌ട്രീയ പ്രസ്താവനകള്‍. ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോള്‍ മാത്രമല്ല വര്‍ഗീയതയും അഴിമതിയും ഭീകരവാദവും സ്വജനപക്ഷപാതവും മറ്റും സാധാരണ വിഷയമാകുന്നതിനു മുന്‍പ്, ദൈനംദിന രാഷ്‌ട്രീയത്തിലും വിലക്കയറ്റമായിരുന്നു രാഷ്‌ട്രീയ വാദവിവാദങ്ങള്‍ക്ക് വിഷയം എന്നതുകൊണ്ടുകൂടിയാകണം അത്. ‘ഉപ്പുതൊട്ടു കര്‍പ്പൂരം വരെ’യെന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി അറിയാതെയായിരിക്കണം അന്നും ഇന്നും പലരും അതുപയോഗിച്ചിട്ടുള്ളത്. ഉപ്പ് മനുഷ്യരുടെ നിത്യജീവിതത്തിലെ ഭൗതികാവശ്യങ്ങള്‍ക്കും കര്‍പ്പൂരം ഭൗതിക ജീവിതത്തിലെ അവസാന കര്‍മ്മമായ ഭൗതികദേഹ സംസ്‌കാരത്തിന്റെ വേളയിലും വേണ്ടതായതുകൊണ്ടാണ് ‘സമസ്ത മേഖലയിലും’ എന്ന അര്‍ത്ഥത്തില്‍ ആ പ്രയോഗം വന്നത്. പക്ഷേ, ഇന്ന് ഉപ്പിന് വലിയ വിലയാണ്. പല പല കമ്പനികള്‍ പലപല തരത്തില്‍, ഗുണനിലവാരത്തില്‍ പാക്കറ്റുകളില്‍ തയാറാക്കി ഇറക്കുന്ന ഉപ്പിന് കനത്ത വിലകൊടുത്താണ് നാം വാങ്ങുന്നത്. ആര്‍ക്കും പരാതിയില്ല. കാരണം, ഉപ്പില്ലാതെ ‘ഉള്ളകഞ്ഞി’യും കുടിക്കാന്‍ ആവില്ലല്ലോ.
സമാനമാണ്, കുടിവെള്ളത്തിന് സര്‍ക്കാരിന് പണം കൊടുക്കേണ്ടുന്ന സ്ഥിതി. മുമ്പ് ഇത് സൗജന്യമായിരുന്നു. പക്ഷേ ഇന്ന് ലിറ്റര്‍ കണക്കില്‍ വില കൊടുക്കണം. പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ വെള്ളംവില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നിട്ടെന്താ? പരാതിയൊന്നുമില്ലാതെ കുടിവെള്ളത്തിന് നാം സര്‍ക്കാരിന് വിലകൊടുക്കുന്നു. മുമ്പ് കുടിവെള്ളം ലഭിക്കാന്‍ പൊതുനിരത്തുകളില്‍ ടാപ്പുകള്‍ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അതും ഇല്ലാതായി. അപ്പോഴുമില്ല പരാതി. ഇതെല്ലാം കാലക്രമത്തില്‍ സംഭവിച്ചതാണ്. അതില്‍ പിശകില്ല. അതത് കാലത്തെ അവസ്ഥയില്‍ ഇതൊക്കെ സ്വാഭാവികവുമാണ്. വികാസം, വികസനം എന്നെല്ലാം വിഭാവനം ചെയ്യുന്നത് ഇതൊക്കെക്കൂടിയാണ്. വികസ്വരമാണല്ലോ പ്രപഞ്ചം. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘വിശ്വദര്‍ശനം’ എന്ന വിശ്വപ്രസിദ്ധമായ കാവ്യത്തിന്റെ തുടക്കം ഇങ്ങനെയാണല്ലോ.
”വന്ദനം സനാതനാ/നുക്ഷണ വികസ്വര
സുന്ദര പ്രപഞ്ചാദി/കന്ദമാം പ്രഭാതമേ…” അനുക്ഷണം വികസ്വരമായിക്കൊണ്ടിരിക്കുകയാണല്ലോ പ്രപഞ്ചം. (ജി. ശങ്കരക്കുറിപ്പിന്റെ ചര്‍മവാര്‍ഷിക ദിനമായിരുന്നു ഫെബ്രുവരി രണ്ടിന്.)
ഉപ്പിന് വില കൊടുക്കുമ്പോള്‍ പ്രശ്‌നമില്ലെങ്കില്‍ എന്തുകൊണ്ടാണ് പത്താം ക്ലാസ് മോഡല്‍ പരീക്ഷയ്‌ക്ക് ചോദ്യപേപ്പറിനായി പത്തുരൂപ ഈടാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുന്നത്. മന്ത്രി ശിവന്‍കുട്ടി ഏറെ അബദ്ധങ്ങള്‍ പറഞ്ഞിട്ടുണ്ട്, ചെയ്തിട്ടുണ്ട്; മന്ത്രിയാകുംമുമ്പും ശേഷവും. ഇനിയും തുടര്‍ന്നേക്കാം. പക്ഷേ, ഈ പത്തുരൂപ വിഷയത്തില്‍ എന്തിന് മന്ത്രിയേയും സര്‍ക്കാരിനേയും എതിര്‍ക്കുന്നുവെന്നതിന് പറയുന്ന യുക്തിപോരാ. ചോദ്യപേപ്പര്‍ വേണോ, പരീക്ഷ പോലും വേണോ എന്നെല്ലാം ചര്‍ച്ച ചെയ്തവരാണ് നമ്മള്‍. അത് അങ്ങനെയൊരു കാലം, അതും മറന്നേക്കുക.
പത്തുരൂപയില്‍ ചിന്തിക്കുക. ഈ പത്തുരൂപയുടെ സൗജന്യം കുട്ടികള്‍ക്കു കൊടുക്കേണ്ടതില്ല. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ ചിന്തിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാകണം ഈ സര്‍ക്കാര്‍ത്തീരുമാനം. യുഡിഎഫ് ഭരണത്തില്‍ 2013ല്‍ ഈ പത്തുരൂപ പിരിവിന് ഉത്തരവിറക്കിയെന്നും അത് തുടരുന്നതേയുള്ളൂവെന്നും മറ്റുമുള്ള ‘മുടന്തന്‍മുട്ടാപ്പോക്ക്’ ന്യായങ്ങളല്ല അതിന് പറയേണ്ടത്. അങ്ങനെ പറയുമ്പോഴാണ്, എന്തുകൊണ്ട് ഇടക്കാലത്ത് നിര്‍ത്തിവച്ചു എന്ന് ചോദ്യമുയരുന്നതും ‘ബബ്ബബ്ബ’ എന്ന് പറയേണ്ടി വരുന്നതും. അവടെയാണ് അവലോകനം നടത്തി അനാവശ്യ സൗജന്യങ്ങള്‍, സബ്‌സിഡികള്‍, സംവരണങ്ങള്‍ നിര്‍ത്തല്‍ ചെയ്യേണ്ടതിന്റെ തുടര്‍ ചര്‍ച്ച നടക്കേണ്ടത്.
സൗജന്യ വിദ്യാഭ്യാസവും, നിര്‍ബന്ധിത വിദ്യാഭ്യാസവും ശരി. അതിനപ്പുറം പാഠപുസ്തകം ‘എല്ലാവര്‍ക്കും’ സൗജന്യം, യൂണിഫോം ‘സര്‍വര്‍ക്കും’ സൗജന്യം തുടങ്ങിയ അശാസ്ത്രീയ പദ്ധതികള്‍ എന്തിനായിരുന്നു? ”സൗജന്യ റേഷന്‍” വാങ്ങുന്നത് റേഷന് അര്‍ഹതയുള്ളവരില്‍ 99 ശതമാനത്തിനും താല്പര്യമില്ല. ‘വെള്ളപ്പൊക്കം, കാലവര്‍ഷം’ പോലുള്ള ദുരിത കാലത്തുപോലും സൗജന്യ റേഷന്‍ വേണമെന്ന ആവശ്യം ഉയരുന്നില്ല. കാരണം ചില സൗജന്യങ്ങള്‍ എക്കാലത്തും ആവശ്യമില്ല. സൗജന്യനിരക്കില്‍ അരിയും ധാന്യവും കൊടുക്കുന്ന കേന്ദ്ര പദ്ധതിയില്‍ പില്‍ക്കാലത്ത് അളവു നിയന്ത്രണം വരുത്തിയത് എന്തുകൊണ്ടാണെന്നോ? സംസ്ഥാനത്തിന് അനുവദിച്ചത് പൂര്‍ണമായി വാങ്ങാന്‍ ആളുകള്‍ തയ്യാറാകാഞ്ഞതുകൊണ്ടുകൂടിയാണ്. ഈ വസ്തുതകള്‍ മനസ്സിലാക്കാതെ, പൊതുജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് എല്ലാവര്‍ക്കും കിറ്റും വീട്ടമ്മമാര്‍ക്ക് പെന്‍ഷനും കൊണ്ട് വോട്ടുപെട്ടിയും ചുമന്ന് ചിലര്‍ ഇറങ്ങുന്നതെന്നത് വിചിത്രമായ കാര്യമാണ്.
യഥാര്‍ത്ഥ അവകാശികളേയും അര്‍ഹരെയും കണ്ടെത്താനുള്ള കഴിവില്ലായ്മയാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാജയം. അതുകൊണ്ട് എല്ലാവര്‍ക്കും കൊടുക്കുന്നുവെന്ന വ്യാജ നേട്ടം പ്രചരിപ്പിക്കുന്നു. അതിനാല്‍ സംഭവിക്കുന്നത്, അര്‍ഹതയുള്ളവര്‍ക്ക് അവശ്യകാലം മുഴുവന്‍ ആനുകൂല്യം കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു. ഏതൊക്കെ സൗജന്യം വേണം എന്ന കാര്യത്തില്‍ കുറ്റമറ്റ വിലയിരുത്തല്‍ നടത്തേണ്ടത് ആവശ്യം തന്നെയാണ്. ക്ഷേമ രാജ്യത്തിലേക്കുള്ള വഴിയില്‍ ആ കണക്കെടുപ്പ് അനിവാര്യമാണ്.
സമാനമാണ് സബ്‌സിഡികളുടെ കാര്യവും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നരേന്ദ്ര മോദി ഇത്തരം ഒട്ടേറെ പരിശോധനകളും വിലയിരുത്തലുകളും നടത്തി. റേഷന്‍ മുതല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുവരെ നല്‍കിയിരുന്ന സബ്‌സിഡികളെ യുക്തിപൂര്‍വം വിശകലനം ചെയ്തു. ഹജ്ജ് സബ്‌സിഡിയില്‍ വരെ പരിഷ്‌കാരം വരുത്തി. മതവികാരം ഇളക്കിവിട്ട് അതിനെ നേരിടാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ, ഹജ്ജിന് പോകുന്നവര്‍ക്ക് ആ നിയന്ത്രണം സ്വീകാര്യമാവുകയാണുണ്ടായത്. രാസവളത്തിനു മുതല്‍ പാചകവാതകത്തിനു വരെ നല്‍കുന്ന സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്കായി നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന നേട്ടം വലുതാണ്. അതുപക്ഷേ, കുറ്റമറ്റ തരത്തിലാകേണ്ടതുണ്ട്. പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍, സബ്‌സിഡി വേണ്ടാത്തവര്‍ പാചക വാതക സബ്‌സിഡി സ്വയം ഉപേക്ഷിക്കാന്‍ തയാറായി. ആ പ്രതികരണം വികസ്വര ഭാരതത്തിന്റെ വികസിത ഭാരതത്തിലേക്കുള്ള വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, ഉദ്യോഗസ്ഥര്‍ക്കിടയില്‍, ജീവിത നിലവാരം ശരാശരിക്കും മുകളിലായവര്‍ക്കിടയില്‍ സൗജന്യങ്ങളുടെ സ്വയം ഉപേക്ഷിക്കല്‍ പദ്ധതിപോലും കൊണ്ടുവരാന്‍ കഴിയാത്തത് എന്തുകൊണ്ടാകും? ഒപ്പം ഇതുകൂടി മനസ്സില്‍ വയ്‌ക്കണം: ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ബിപിഎല്‍ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ലാത്ത എപിഎല്‍കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ ബിപിഎല്‍ കാര്‍ഡുണ്ടാക്കി സൗജന്യം പറ്റിക്കൊണ്ടിരുന്ന സംസ്ഥാനമാണ് കേരളം എന്നത്. അനര്‍ഹമായി സര്‍ക്കാര്‍ സൗജന്യം പറ്റുന്നവരുടെ വന്‍ നിര നമുക്കിടയില്‍ ഉണ്ടെന്നതു കൂടി.
ഇതേ മാനദണ്ഡവും നിലവാരവും ഭരണഘടന അനുശാസിക്കുന്ന വിവിധ സംവരണങ്ങളുടെ കാര്യത്തിലും ആവശ്യമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ അവസ്ഥയില്‍ നിന്ന് അതുകൊണ്ട് ദോഷം അനുഭവിക്കുന്നവര്‍ക്ക് ഭരണഘടനാപരമായി രാജ്യം നല്‍കുന്ന സൗജന്യങ്ങളോ സഹായങ്ങളോ ആനുകൂല്യമോ ആണ് സംവരണം. പക്ഷേ, അത് കല്പാന്തകാലം തുടരണമെന്ന് ശഠിക്കുന്നത് ആ സംവിധാനത്തിന്റെ പരാജയം വെളിപ്പെടുത്തുന്നതാകും. അതായത്, ഒരോ നിശ്ചിത കാലത്ത് അവലോകനം നടത്തി, പരിശോധിച്ച്, പരിഷ്‌കാരവും പരിവര്‍ത്തനവും വരുത്തേണ്ടതുണ്ട്. കശ്മീര്‍ സംസ്ഥാനത്ത് 370 ആം വകുപ്പുപ്രകാരം ഭരണഘടന നല്‍കിയ ‘സംവരണം’ പരിശോധിച്ച്, അനാവശ്യമെന്ന് ബോധ്യപ്പെട്ടപ്പോള്‍ അത് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അത്തരത്തിലുള്ളതാണ്.
അനര്‍ഹര്‍ക്ക് നല്‍കരുത്, അര്‍ഹതപ്പെട്ടവരില്‍ നികുതിയുള്‍പ്പെടെ കര്‍ക്കശമായി ചുമത്തണം. അത് പരിച്ചെടുക്കണം. അപ്പോള്‍ വികസനത്തിന് ‘ഭിക്ഷ’യെടുക്കേണ്ടിവരില്ല. സാമ്പത്തിക ക്ഷാമമുണ്ടാകില്ല. നിയന്ത്രണമില്ലാത്ത തോതില്‍ കടമെടുപ്പ് വേണ്ടിവരില്ല. കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തേണ്ടി വരില്ല. ഫെബ്രുവരി എട്ടിന് കേന്ദ്രസര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ സമരം നടത്താന്‍ പോകുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും ആളെക്കൂട്ടുന്ന കെ.വി. തോമസും തിരിച്ചറിയേണ്ടത് ഇതാണ്: കേന്ദ്രം 2047ലേക്ക് ചിന്തിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കേരളം നിത്യനിദാനത്തിനാണ് സമരത്തിനിറങ്ങുന്നത്. പത്തുരൂപ പത്താം ക്ലാസിലെ കുട്ടികളില്‍നിന്ന് പിരിക്കുന്നതും പത്തുപൈസ സ്വന്തമായില്ലെന്ന് പരിതപിച്ച് ലോകത്തിനു മുന്നില്‍ പാപ്പരത്തം കാണിക്കുന്നതും ഭാവിയുള്ള സംസ്ഥാനമാണ് കേരളം എന്ന ധാരണ പരത്താന്‍ സഹായകമല്ലതന്നെ. കഴിവുകേട് പൊതുവേദിയില്‍ നാണം കെടുത്തും. പക്ഷേ, നാണക്കേടില്‍ പാഴ്മരം കിളിര്‍ത്താല്‍ അതില്‍ ഊഞ്ഞാലിട്ട് ഉല്ലാസ ആട്ടം നടത്തുന്നവര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ലതന്നെ.
പിന്‍കുറിപ്പ്: സംസ്‌കാര കേരളം ക്ഷോഭിച്ചും പ്രക്ഷോഭിച്ചും വിയോജിച്ച നോവലായിരുന്നു ‘മീശ’. മീശയുടെ എഴുത്തുകാരന്‍ എസ്. ഹരീഷും എതിര്‍പ്പിന്റെ ചൂടറിഞ്ഞയാളാണ്. ‘സംഘപരിവാര്‍’ ആണ് ആ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ബംഗാള്‍ രാജ്ഭവനില്‍ ഹരീഷിനെ ക്ഷണിച്ച് അനുമോദിച്ചെന്ന ആക്ഷേപവും ഇപ്പോഴുണ്ടായി. വാസ്തവത്തില്‍ ബിജെപി സര്‍ക്കാരിന്റെ, നരേന്ദ്ര മോദിയുടെ, ഗവര്‍ണര്‍ ആനന്ദബോസ് അനുമോദിക്കാന്‍ ക്ഷണിച്ചാല്‍ ഹരീഷ് അനുവദിച്ചുകൊടുക്കരുതായിരുന്നു എന്നതല്ലേ പൊളിറ്റിക്കല്‍ ശരി. ഹരീഷ്, തന്നെ പിന്തുണച്ചവരെ വിഡ്ഢികളാക്കുകയല്ലേ ചെയ്തത്? കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പലതരത്തില്‍ രാഷ്‌ട്രീയ വിലക്കു കല്‍പ്പിക്കുന്നവര്‍ ഹരീഷിനെ ഇതിന്റെ പേരില്‍ ശാസിക്കേണ്ടതല്ലേ. അതല്ലേ യുക്തി? പൊളിറ്റിക്കല്‍ കറക്ട്‌നസ് അതല്ലേ പ്രധാനം? ഇതൊരുമാതിരി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: