ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഏഴ് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎമാരെ ബിജെപി ‘വാങ്ങാൻ’ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ബിജെപി പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിന്റെ ഭാഗമായി നോട്ടീസ് നൽകാനാണ് സംഘം എത്തിയത്.
ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ദല്‍ഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. പാര്‍ട്ടി എംഎല്‍എമാരില്‍ ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോര്‍ഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
തന്റെ പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാരെ ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെജ്രിവാളും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടു. ദല്‍ഹി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംഎല്‍എമാര്‍ക്ക് 25 കോടി രൂപയും ബിജെപി ടിക്കറ്റും വാഗ്ദാനം ചെയ്തതായും എഎപി നേതാവ് ആരോപിച്ചു. ഏഴ് എഎപി എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ വിസമ്മതിച്ചതായും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: