ഒട്ടാവ : കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ സുഹൃത്തിന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീടിന്റെ നേർക്കുണ്ടായ വെടിവയ്പിനെക്കുറിച്ച് കനേഡിയൻ പോലീസ് അന്വേഷണം തുടങ്ങി. നിജ്ജാറിന്റെ സുഹൃത്തായ സിമ്രൻജീത് സിംഗിന്റെതാണ് വീട് എന്ന് ബ്രിട്ടീഷ് കൊളംബിയ ഗുരുദ്വാരസ് കൗൺസിലിന്റെ വക്താവ് പറഞ്ഞു.
സൗത്ത് സറേയിലെ 154 മത്തെ സ്ട്രീറ്റിലെ 2800 ബ്ലോക്കിന് സമീപമുള്ള വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 1:20 ന് ശേഷമാണ് വെടിവയ്പുണ്ടായതെന്ന് സറേ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. ഇത് കൂടാതെ വ്യാഴാഴ്ച നടന്ന വെടിവയ്പ്പിനെക്കുറിച്ച് കൂടുതലറിയാൻ നിലവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
അതേ സമയം വെടിവയ്പിൽ ആർക്കും പരിക്കില്ല. വെടിവയ്പിൽ സാരമായ കേടുപാടുകൾ സംഭവിച്ച ഒരു കാർ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ വീട്ടിൽ തന്നെ ഒന്നിലധികം വെടിയുണ്ട പതിച്ചയിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. എത്ര തവണ വീടിന് നേരെ വെടിയുതിർത്തെന്ന് സംഘ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവം ഒറ്റപ്പെട്ടതാണെന്നാണ് പോലീസ് കരുതുന്നതെന്നും പറഞ്ഞു.
ജനുവരി 26 ന് വാൻകൂവറിലെ ഭാരതത്തിന്റെ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാൻ സഹായിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സിമ്രൻജീതിന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ വെടിവെയ്പ് നടന്നതെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ പറഞ്ഞു. വീട്ടുടമസ്ഥനായ സിമ്രൻജീത് സിംഗിന് നിജ്ജാറുമായുള്ള ബന്ധം വെടിവയ്പ്പിൽ പങ്കുവഹിച്ചിരിക്കാമെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ വിശ്വസിക്കുന്നതായി ഗുരുദ്വാരസ് കൗൺസിൽ പറഞ്ഞു.
ജൂണിൽ സറേയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഭാരതത്തിന്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ ആരോപിച്ചതിനെത്തുടർന്ന് ഭാരതവും കാനഡയും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ കാനഡയുടെ ആരോപണങ്ങൾ ഭാരതം നിരസിക്കുകയും അവ അസംബന്ധവും കെട്ടിച്ചമച്ചതാണെന്നും ഭാരതം തിരിച്ചടിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: