വാഷിങ്ടൺ: സായുധ ഡ്രോണുകൾ ഭാരതത്തിന് വിൽക്കാൻ തയാറായി അമേരിക്ക. 3.99 ബില്യൺ യുഎസ് ഡോളറിന് 31 MQ-9B സായുധ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് അമേരിക്കൻ പ്രതിരോധ ഏജൻസിക്ക് അനുമതി നൽകിയതായി പ്രഖ്യാപിച്ചു.
കരാർ പ്രകാരം ഭാരതത്തിന് 31 ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (HALE) UAV-കൾ ലഭിക്കും. അതിൽ നാവികസേനയ്ക്ക് 15 സീഗാർഡിയൻ ഡ്രോണുകളാണ് അനുവദിക്കുക. അതേസമയം കരസേനയ്ക്കും വ്യോമസേനയ്ക്കും കരയിലുടെ സേവനം ചെയ്യുന്ന എട്ട് ഡ്രോണുകൾ വീതമാണ് ലഭിക്കുക.
കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിലാണ് നിർദ്ദിഷ്ട മെഗാ ഡ്രോൺ കരാർ പ്രഖ്യാപിച്ചത്. 3.99 ബില്യൺ യുഎസ് ഡോളറിന് എംക്യു-9 ബി റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളും ഭാരതത്തിന് വിൽപ്പനയ്ക്ക് അനുമതി നൽകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് തീരുമാനിച്ചതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഈ വിൽപ്പനയിലൂടെ യുഎസ്-ഭാരതം തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ പങ്കാളിത്തത്തിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.
ഈ ഡ്രോണുകൾ ലഭിക്കുന്നതിലൂടെ കടൽ പാതകളിൽ ആളില്ലാ നിരീക്ഷണവും നിരീക്ഷണ പട്രോളിംഗും എളുപ്പമാകും. കൂടാതെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഭാരതത്തിന്റെ കഴിവ് മെച്ചപ്പെടുത്തുമെന്നും പ്രതിരോധ ഏജൻസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: