സിപിഎമ്മിനും കോണ്‍ഗ്രസ്സിനും കേരളത്തില്‍ മാത്രമുള്ള എതിര്‍പ്പിന്റെ കാപട്യം പൂര്‍ണമായിത്തന്നെ പുറത്തുവന്നിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍പ്പോലും ഒറ്റപ്പെട്ടുപോയ കോണ്‍ഗ്രസ്സിന്റെ നേതാവ് രാഹുല്‍ താന്‍ ഇപ്പോഴും രംഗത്തുണ്ടെന്നു വരുത്താന്‍ നടത്തുന്ന രണ്ടാം ജോഡോ യാത്രയെ സ്വീകരിക്കുകയും അതില്‍ പങ്കുചേരുകയും ചെയ്ത സിപിഎമ്മിന്റെ നടപടി അവരുടെ കോണ്‍ഗ്രസ്സ് വിരോധമെന്ന മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ്. പശ്ചിമബംഗാളില്‍ രണ്ട് തവണയായി പര്യടനത്തിനെത്തിയ ജോഡോ യാത്രയെ ഇരുകയ്യും നീട്ടിയാണ് സിപിഎം എതിരേറ്റത്. സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വളരെ അഭിമാനത്തോടെയാണ് രാഹുലിന്റെ റാലിയില്‍ പങ്കെടുത്തത്. രാഹുലിന്റെ നാടുകാണല്‍ യാത്രയുടെ ഭാഗമാവാന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ‘ഇന്‍ഡി’ സഖ്യത്തിലെ അംഗമായിരുന്നിട്ടും രാഹുലിനെ സ്വീകരിക്കാനോ ജോഡോ യാത്രയില്‍ പങ്കെടുക്കാനോ തൃണമൂല്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. യാത്രയില്‍ പങ്കെടുത്തില്ലെങ്കില്‍ വേണ്ട, രാഹുലുമായി ഒരു കൂടിക്കാഴ്ചയ്ക്കെങ്കിലും സമ്മതിക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യവും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിരസിച്ചു. സിപിഎമ്മുമായി കൈകോര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റുപോലും തരില്ലെന്നും മമത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്രകാരം ഒറ്റപ്പെട്ടുപോയ ഒരു പാര്‍ട്ടിയെയും അതിന്റെ നേതാവിനെയുമാണ് യാതൊരു ലജ്ജയുമില്ലാതെ സിപിഎം ചുമക്കുന്നത്.
കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാനെന്ന പേരില്‍ രാഹുല്‍ നടത്തിയ ഒന്നാം ജോഡോ യാത്രയില്‍ പങ്കുചേരാന്‍ ക്ഷണമുണ്ടായിട്ടും സിപിഎം അത് സ്വീകരിച്ചിരുന്നില്ല. ക്ഷണം ലഭിച്ചില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞുകൊണ്ടിരുന്നത്. തൃണമൂലുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനാല്‍ പശ്ചിമബംഗാളിലെ ജോഡോ യാത്രയില്‍ പങ്കുചേരാനാവില്ലെന്ന സിപിഎമ്മിന്റെ അന്നത്തെ വാദം പരിഹാസ്യമായിരുന്നു. എന്തെന്നാല്‍ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ദേശീയ സഖ്യത്തില്‍ സിപിഎമ്മും അംഗമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലുമൊക്കെ മൂന്നുപാര്‍ട്ടികളും നിരന്തരം പങ്കെടുക്കുകയും ചെയ്തു. എന്നിട്ടാണ് ബംഗാളില്‍ കോണ്‍ഗ്രസ്സിനോട് ചേരാനില്ലെന്ന വൃത്തികെട്ട അടവുനയം സിപിഎം പുറത്തെടുത്തത്. രാഹുലിന്റെ അഹങ്കാരത്തിലും കഴിവില്ലായ്മയിലും അജ്ഞതയിലും മനംമടുത്ത് ആ പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കളും കോണ്‍ഗ്രസ്സ് വിട്ടുപോയപ്പോള്‍ രാഹുലിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ യാതൊരു മാനക്കേടും തോന്നാത്തയാളാണ് സീതാറാം യെച്ചൂരി. രാഹുലിന്റെ കാതില്‍ രഹസ്യമോതുകയും ബുദ്ധിയുപദേശിക്കുകയുമൊക്കെ ചെയ്യുന്ന യെച്ചൂരിയുടെ പല പോസിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്ര വേണമെങ്കിലും ലഭ്യമാണ്. ഇതില്‍ യാതൊരു നാണക്കേടും തോന്നാത്തവരാണ് സിപിഎമ്മിന്റെ നേതാക്കള്‍. ഛര്‍ദ്ദിച്ചത് വാരിവിഴുങ്ങുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തുകയാണ്.
കോണ്‍ഗ്രസ് തങ്ങളുടെ ശത്രുപക്ഷത്താണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ സിപിഎം നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മറ്റും കോണ്‍ഗ്രസ് വിരോധമെന്ന മുഖംമൂടി എടുത്തണിയുകയും ചെയ്യുന്നു. പാര്‍ട്ടി അണികളെ പറ്റിക്കാനും വഞ്ചിക്കാനുമാണിത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിരോധത്തിലും അഴിമതിയിലും പരസ്പരം കൈകോര്‍ക്കുന്ന ഈ പാര്‍ട്ടികള്‍ ഇപ്പോള്‍ ഒരു പടികൂടി മുന്നോട്ടുപോയിരിക്കുകയാണ്. കോണ്‍ഗ്രസ്സിനെ പിണക്കേണ്ടെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തന്നെ തീരുമാനമെടുത്തിരിക്കുകയാണത്രേ. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന സീതാറാം യെച്ചൂരി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അധികാരത്തിന്റെ പ്രശ്നമുള്ളതുകൊണ്ടു മാത്രമാണ് കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഭരണപക്ഷവും പ്രതിപക്ഷവുമായി അഭിനയിക്കുന്നതെന്നും, ബിജെപി വിരോധമാണ് ഇരുപാര്‍ട്ടികളെയും നയിക്കുന്നതെന്നും ഒരിക്കല്‍ക്കൂടി പകല്‍പോലെ വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്തിടെ നടത്തിയ നവകേരള സദസ്സിന്റെ യാത്രയെ എതിര്‍ത്ത കെ.സുധാകരനും വി.ഡി.സതീശനും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസിന്റെയും സിപിഎം ഗുണ്ടകളുടെയും അക്രമങ്ങള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവോയെന്ന് ഈ നേതാക്കള്‍ വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: