ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നിസ്സഹകരണം പ്രഖ്യാപിച്ചതോടെ രാഹുലിന്റെ ജോഡോ യാത്ര വിജയിപ്പിക്കാന്‍ സിപിഎമ്മിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസ്. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികളെ ജോഡോ യാത്രയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കുകയാണെങ്കില്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു സിപിഎം നിലപാട്.
മര്യാദയുടെ പേരില്‍പ്പോലും യാത്രയെക്കുറിച്ച് അറിയിച്ചില്ലെന്നും തനിക്കു യാത്രയുമായി ബന്ധമൊന്നുമില്ലെന്നും മമത തുറന്നടിച്ചതോടെ കോണ്‍ഗ്രസ് സിപിഎമ്മിന് കൈ കൊടുക്കുകയായിരുന്നു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യാത്രയുടെ ഭാഗമാകുമെന്ന് ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തന്നെ പ്രഖ്യാപിച്ചു.
ഞായറാഴ്ച, രാഹുല്‍ യാത്രയുമായി സിലിഗുരിയിലെത്തിയപ്പോള് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജിബേഷ് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രയില്‍ പങ്കെടുത്തു. ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം തപസ് ഗോസ്വാമി, സിപിഐ നേതാവ് പ്രശാന്ത ബക്ഷി എന്നിവരും സിലിഗുരിയില്‍ കോണ്‍ഗ്രസ് യാത്രയുടെ ഭാഗമായി. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സിലിഗുരിയിലും ജല്‍പായ്ഗുരിയിലും യാത്രയുടെ ഭാഗമായി.
ഇന്നലെ കിഷന്‍ഗഞ്ച് വഴി യാത്ര ബിഹാറില്‍ പ്രവേശിച്ചു. ബിഹാറിലെ പര്യടനത്തിനു ശേഷം നാളെ വീണ്ടും യാത്ര ബംഗാളിലെത്തും. സ്വീകരണ റാലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തിയും മുര്‍ഷിദാബാദിലെ റാലിയില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കും. പാര്‍ട്ടിയുടെയും യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും സംസ്ഥാന നേതാക്കളും കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യാത്രയില്‍ പങ്കെടുക്കുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: