തൃശൂര്‍ : പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലക്ക് തിരിച്ചടിയാകുമെന്ന് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജക് എ. വിനോദ്.
പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നിഷേധാത്മക സമീപനം മൂലം കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് നഷ്ടമാകും. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് നിരവധി സ്വകാര്യ മാനേജ്മെന്റുകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിന്ന് തങ്ങളുടെ കോളജുകള്‍ക്ക് അഫിലിയേഷന് വിടുതല്‍ ആവശ്യപ്പെടുന്നത്. സ്വതന്ത്ര പദവി ലഭിച്ചാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും കൂടുതല്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാനും കഴിയുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. എന്‍ടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച കേരളത്തിലെ പൊതുവിദ്യാഭ്യാസം വെല്ലുവിളികളും സാധ്യതകളും എന്ന സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തന്നെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ കേരളം ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പക്ഷേ അടുത്തകാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് കൈവരിക്കാനായ പുരോഗതി കേരളത്തിന് ഉണ്ടായിട്ടില്ല. അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുന്ന സാഹചര്യമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി അധ്യാപക സംഘടനകള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സംഘടിതമായി ശ്രമിക്കണമെന്നും വിനോദ് പറഞ്ഞു.
എന്‍സിഇആര്‍ടി അംഗം ജോബി ബാലകൃഷ്ണന് മോഡറേറ്ററായി. കെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ജാബിര്‍, എഎച്ച്എസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജ് എന്നിവരും സംസാരിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ.് ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: