ആലപ്പുഴ: കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും, മുന്‍ മന്ത്രിയുമായ ജി. സുധാകരന്. ഞാന്‍ തമ്പുരാന് ബാക്കിയുള്ളവര്‍ മലയപുലയര്‍ എന്നാണ് പലരുടേയും ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
നമ്മള് നമ്മളെത്തന്നെ അങ്ങ് പുകഴ്ത്തി കൊണ്ടിരിക്കുകയാണ്. അതു പഴയ തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങള്‍ തമ്പുരാക്കന്മാരാണ്. മറ്റുള്ളവര്‍ മോശം. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണ്. പെന്ഷന് അപേക്ഷിച്ചാലും പാസാക്കില്ല. അപേക്ഷ അവിടെ കിടക്കും. അവര്‍ ഒന്നും കൊടുക്കില്ല. ഓണക്കാലത്ത് അവരുടെ വീടിന് മുമ്പില്‍ പോയി നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴാണ് കൊടുത്തതെന്നും ജി. സുധാകരന് വിമര്‍ശിച്ചു.
കേരളം നമ്പര്‍ വണ്‍ ആണെന്ന് സിപിഎമ്മും, പിണറായി സര്‍ക്കാരും കൊട്ടിഘോഷിക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് തന്നെ യാഥാര്‍ത്ഥ്യം പൊതുവേദിയില്‍ വിളിച്ചു പറയുന്നത്. പൊതുജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി നടത്തിയ നവകേരള സദസുകള്‍ പാഴ് വേലയാണെന്ന യാഥാര്‍ത്ഥ്യവും, കൈമടക്ക് നല്‍കാതെ ഇവിടെ ഒന്നും നടക്കില്ലെന്ന സുധാകരന്റെ വാക്കുകളിലുണ്ട്.
ഏറെ നാളുകളായി ജി. സുധാകരന് പൊതുവേദികളില്‍ സിപിഎമ്മിന്റെ ജീര്‍ണതയ്ക്കെതിരെയും, സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിക്കുന്നുണ്ട്. ഇതെ തുടര്‍ന്ന് ജന്മനാട്ടിലടക്കം സിപിഎമ്മിന്റെ വേദികളില്‍ അദ്ദേഹത്തെ അടുപ്പിക്കാറില്ല. സുധാകരന്റെ തുറന്നു പറച്ചിലുകളോട് പ്രതികരിക്കേണ്ട എന്ന അടവുനയമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: