(സംസ്കാര കര്‍മ്മങ്ങള്‍ -വിദ്യാരംഭം തുടര്‍ച്ച)
മഷിക്കുപ്പിയുടെ പൂജ
ശിക്ഷണവും പ്രേരണയും:
മഷിക്കുപ്പി മുഖേനയാണ് തൂലികയുടെ ഉപയോഗം നടക്കുന്നത്. മഷിയുടെ സഹായത്തോടെയാണ് തൂലികയ്ക്ക് എഴുതുവാന്‍ സാധിക്കുന്നത്. അതുകൊണ്ട് തൂലികയ്ക്കുശേഷം മഷിക്കുപ്പിയുടെ പൂജയ്ക്കാണ് സ്ഥാനം. മഷിക്കുപ്പിയുടെ അധിഷ്ഠാത്രിയായ ദേവി പുഷ്ടി ആണ്. പുഷ്ടിയുടെ അര്‍ത്ഥമാണ് ഏകാഗ്രത. ഏകാഗ്രത മുഖേനയാണ് അദ്ധ്യയനം നടക്കുന്നതും പുരോഗമിക്കുന്നതും. തീവ്രബുദ്ധിയുള്ള എത്രയോ വ്യക്തികളുണ്ട്. അവരുടെ തലച്ചോറും ഭംഗിയായി പ്രവര്‍ത്തിക്കുന്നതാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ മനസ്സു പലദിക്കില്‍ പാഞ്ഞുനടക്കുന്നു. ഏകാഗ്രമാകുന്നില്ല. ചഞ്ചലതമാറാതെ നില്ക്കുന്നു. നിര്ദ്ദിഷ്ടവിഷയത്തില് മനസ്സുറയ്ക്കുന്നില്ല. ഇങ്ങനെയുള്ള ചഞ്ചലമനസ്കരായ വിദ്യാര്‍ത്ഥികളുടെ പുരോഗമനം സംശയാവഹമാണ്. മനസ്സുറയ്ക്കാതിരുന്നാല് മസ്തിഷ്കം എന്താണു ഗ്രഹിക്കുക? ആരംഭത്തില്‍ മന്ദബുദ്ധികളെന്നു കരുതിയിരുന്ന എത്രയോ വിദ്യാര്‍ത്ഥികളാണ് പില്ക്കാലത്ത് അത്യന്തം പ്രതിഭാശാലികളായി കാണപ്പെട്ടിട്ടുള്ളത്. ആശ്ചര്യകരമായ ഈ പരിവര്‍ത്തനത്തിനു പിന്നിലെ പ്രധാന കാരണം അവരുടെ ഏകാഗ്രതയാണ്.
മഷിക്കുപ്പിയുടെ കഴുത്തില്‍ നൂല്ച്ചരടുകെട്ടി കുങ്കുമം, അക്ഷതം, പുഷ്പം, ധൂപം മുതലായവകൊണ്ട് പൂജിക്കുന്നു. ഇത് മഷിക്കുപ്പിയുടെ അധിഷ്ഠാത്രിദേവിയായ ‘പുഷ്ടി’യുടെ അഭിനന്ദനമാണ്. വിദ്യാര്‍ത്ഥിക്ക് ഏകാഗ്രതയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കുകയും ഇതു പ്രായോഗികമായി പരിശീലിപ്പിക്കുകയും ചെയ്യണമെന്ന ആശയമാണ് ഈ പൂജയില്‍ സന്നിഹിതമായിരിക്കുന്നത്. വേണ്ടത്ര താല്പര്യം ഉണ്ടായിരിക്കുകയും അതോടൊപ്പം ഏകാഗ്രത ശീലിക്കുകയും ചെയ്താല്‍ വിദ്യ കൊണ്ടുള്ള പ്രയോജനത്തില്‍ ആശാവഹമായ സാഫല്യം സാദ്ധ്യമാണ്.
ക്രിയയും ഭാവനയും:
പൂജാപീഠത്തിന്മേല്‍ വച്ചിരിക്കുന്ന മഷിക്കുപ്പിയുടെ മേല്‍ മന്ത്രോച്ചാരണത്തോടെ കുട്ടിയുടെ കൈകൊണ്ട് പൂജാസാമഗ്രികള്‍ അര്‍പ്പണം ചെയ്യിക്കുക. പുഷ്ടിശക്തിയുടെ സാന്നിദ്ധ്യത്താല്‍ കുട്ടിയില്‍ തീവ്രബുദ്ധിയും ഏകാഗ്രതയും വന്നുചേരുകയാണെന്നു ഭാവിക്കുക.
ഓം ദേവീസ്തിസ്ര്തസ്തിസ്രതോ
ദേവീര്വയോധസം,
പതിമിന്ദ്രമവര്ദ്ധയന്
ജഗത്യാ ഛന്ദസേന്ദ്രിയ
ശൂഷമിന്ദ്രേ, വയോ ദധദ്വസുവനെ
വസുധേയസ്യ വ്യന്തു യജ
(യജുര്‍വേദം)
ഫലകപൂജനം
ശിക്ഷണവും പ്രേരണയും:
ഉപകരണങ്ങളില്‍ മൂന്നാമത് പൂജിക്കുന്നത് ഫലകത്തെയാണ്. തൂലികയും മഷിക്കുപ്പിയും സംഘടിപ്പിച്ചശേഷം അത് പ്രയോഗിക്കുന്നത് പലകയിലോ കടലാസിലോ നോട്ടുബുക്കിലോ ആണ്. ഇവയുടെ അധിഷ്ഠാത്രി ‘തുഷ്ടി’യാണ്. തുഷ്ടി പരിശ്രമശീലത്തെയാണ് ദ്യോതിപ്പിക്കുന്നത്. അദ്ധ്യയനത്തിന് അഭിരുചിയുടെയും ഏകാഗ്രതയുടേയും അത്രതന്നെ പരിശ്രമവും ആവശ്യമാണ്. ഏതെങ്കിലും കുട്ടിക്ക് പഠിത്തത്തില്‍ താല്പര്യവും മനസ്സ് ഏകാഗ്രമാക്കാനുള്ള കഴിവും ഉണ്ടെങ്കില്‍തന്നെ അലസസ്വഭാവം നിമിത്തം പരിശ്രമം ചെയ്യാതിരിക്കുകയും പെട്ടെന്ന് മടുപ്പു തോന്നുകയും പഠിത്തം നിര്‍ത്തിവെച്ച് മറ്റുകാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ നീണ്ട സമയം വരെ നിരന്തരം പരിശ്രമിക്കാത്തതിന്റെ ദോഷം മറ്റു സവിശേഷതകളെ നിഷ്പ്രയോജനപ്പെടുത്തുന്നു. ഭൗതികനിര്മ്മാണപരമായ പണികളുടെ സാഫല്യം ശാരീരികമായ അദ്ധ്വാനത്തെ ആശ്രയിച്ചിരിക്കുന്നതുപോലെ മാനസികമായ നേട്ടങ്ങള്‍ മാനസികമായ അദ്ധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. പരിശ്രമം ചെയ്യാതെ ഈ ലോകത്തില്‍ ഒന്നും നേടാനാവില്ല. എത്രതന്നെ വിപുലവും വിലപ്പെട്ടതും ആയ സാധനങ്ങള്‍ ഉണ്ടായിരുന്നാലും അവ ഉപയോഗിച്ചെങ്കില് മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ. ഉപയോഗിക്കുന്നതിനുവേണ്ടി പരിശ്രമം ആവശ്യമാണ്. അതിനാല്‍ വിദ്യാര്‍ത്ഥി അദ്ധ്വാനിയും ആയിരിക്കണം. പഠിത്തത്തില്‍ മനസ്സിരുത്തി കഠിനപ്രയത്നം ചെയ്യാനുള്ള ശീലം തന്നില്‍ വളര്‍ത്തണം. ഈ ശീലം എങ്ങനെയാണ് ഇടുകയും വളര്‍ത്തുകയും ചെയ്യേണ്ടതെന്ന് രക്ഷകര്‍ത്താക്കള്‍ ചിന്തിച്ച് വഴി കണ്ടുപിടിക്കണം.
ഫലകം, മഷിക്കുപ്പി, തുലിക ഈ മൂന്നു ഉപകരണങ്ങളും പൂജിക്കുന്നതോടൊപ്പം നമ്മുടെ സകല ഉപാധികളും പവിത്രമായിരിക്കണമെന്ന വസ്തുത ഹൃദയത്തില്‍ ആരോഹിക്കപ്പെടുന്നു. വിദ്യയും പവിത്രമായ ഉപാധികളിലൂടെ പവിത്രമായ ഉദ്ദിഷ്ടങ്ങള്ക്കുവേണ്ടി ആര്‍ജ്ജിക്കുക. അഭിരുചി, ഏകാഗ്രത, പരിശ്രമശീലം എന്നിവയെ ആശ്രയിച്ച് വിദ്യ നേടാനുള്ള മാര്‍ഗ്ഗത്തില്‍ മുന്നേറുക.
ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുന്നതോടെ കുട്ടിയെക്കൊണ്ട് പൂജാസ്ഥലത്തു വച്ചിരിക്കുന്ന ഫലകത്തിന്മേല് പൂജാസാമഗ്രികള്‍ അര്‍പ്പണം ചെയ്യിക്കുക. ഈ ആരാധനമൂലം കുട്ടി ‘തുഷ്ടി’ ശക്തിയുമായി സമ്പര്ക്കപ്പെടുകയാണെന്നും ആ ശക്തിമുഖേന അദ്ധ്വാനശിലവും സാധന ചെയ്യാനുള്ള കഴിയും വികസിക്കുമെന്നും സങ്കല്പിക്കുക.
ഓം സരസ്വതീ യോന്യാം
ഗര്ഭമന്തരശ്വിഭ്യാം
പത്നീ സുകൃതം ബിഭര്തി
അപാരസേന വരുണോ ന
സാമ്നേന്ദ്ര ശ്രിയൈ
ജനയന്നപ്സു രാജാ
(യജുര്‍വേദം)
(ഗായത്രീപരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: