വേദഗുരു സദാനന്ദ സ്വാമിയുടെ സമാധി ശതാബ്ദി ഈ മാസം 26ന് തൈപ്പൂയദിനത്തില്‍ ആചരിക്കുമ്പോള്‍, നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ സ്വാമിജിയുടെ പേര് നിശ്ശബ്ദമായി നിലകൊള്ളുന്നു. കേരളത്തിലാദ്യമായി ജാതിമതഭേദമില്ലാതെ സ്ഥാപിച്ച സാമൂഹിക പ്രസ്ഥാനത്തിന്റെ ആചാര്യന്. മഹാത്മാ അയ്യന്‍കാളിയേയും തമിഴ് ദേശീയവാദിയായ സുബ്രഹ്മണ്യശിവയെയും സംഘടനാ രംഗത്തേയ്ക്ക് നയിച്ച നവോത്ഥാന വിപ്ലവകാരി. ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ പ്രോദ്ഘാടകന്‍, കേരളീയ സംന്യാസികളില്‍ ആദ്യത്തെ ഇന്‍ഡസ്ട്രിയലിസ്റ്റ്, വിദേശത്തും സ്വദേശത്തുമായി രണ്ടായിരത്തോളം പ്രഭാഷണങ്ങള്‍ നടത്തിയ സംന്യാസി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ കാല്‍നടയായി സഞ്ചരിച്ച്, കേരളത്തിന്റെ നവോത്ഥാനത്തിനായി ‘പതിനെട്ടിന പദ്ധതി’ ഒരുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു സദാനന്ദ സ്വാമി. നാല്‍പ്പത്തിയേഴു വര്‍ഷത്തെ ജീവിതംകൊണ്ട് ധര്മസംസ്കാരത്തിന് ആധുനികമായ ആഴവും അര്‍ത്ഥവും പകര്‍ന്ന ആചാര്യനെ ഇപ്പോഴെങ്കിലും ഓര്‍ക്കേണ്ടതുണ്ട്.
പൂര്‍വ്വാശ്രമത്തില്‍ പേര് രാമനാഥന്. 1877 ഫെബ്രുവരി ഒന്നിന് പാലക്കാട് ചിറ്റൂര്‍ തത്തമംഗലം ഗ്രാമത്തില്‍ പുത്തന്‍വീട്ടിലാണ് ജനനം. ചെറിയതു അമ്മയും കേശവന് അയ്യനുമാണ് മാതാപിതാക്കള്‍. പതിനാലാം വയസ്സില്‍ തൃശ്ശൂരില്‍ ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ പോയ രാമനാഥന് വീട്ടില്‍ തിരിച്ചെത്തിയില്ല. ഏതോ സംന്യാസിയെ പിന്തുടര്ന്ന് കര്‍ണാടകത്തിലെത്തിയ രാമനാഥന്, കോലാറില്‍ ഖനിത്തൊഴിലാളിയായി. രാമന്റെ ഊര്‍ജസ്വലതയും ആത്മാന്വേഷണവും തിരിച്ചറിഞ്ഞ കോലാര്‍ സ്വാമി എന്ന സംന്യാസി, അവനെ ശിഷ്യനായി സ്വീകരിച്ചു. ഗുരുവിനൊപ്പം ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സിദ്ധസ്ഥാനങ്ങള് സന്ദര്‍ശിച്ച രാമനാഥന് ‘സദാനന്ദന്’ എന്ന പേര് സ്വീകരിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, സിംഹളം തുടങ്ങിയ ഭാഷകളിലും വൈദ്യം, രസവാദം, വേദാന്തം എന്നിവകളിലും പരിജ്ഞാനം നേടി. എട്ടുവര്‍ഷത്തെ പഠന-ധ്യാനചര്യകള്ക്കു ശേഷം ഗോകര്‍ണത്തുനിന്ന് കന്യാകുമാരിയിലേക്ക് ഏകനായി കാല്‍നടയാത്ര തുടങ്ങി.
കോഴിക്കോട് തിരുവണ്ണൂരിന് സമീപം അധഃസ്ഥിത സമൂഹത്തിലെ കുട്ടികളെ സ്നാനം ചെയ്യിപ്പിച്ച് വേദം പഠിപ്പിച്ചത് വിവാദമായി. അടിയാളരുടെ വേദഗുരുവായി മാറി. പിന്നീട് തിരുവനന്തപുരത്തെത്തി. അനന്തപുരിയുടെ പ്രധാനവീഥികളില്‍ ഒറ്റയ്ക്കുനിന്ന് സനാതനധര്‍മത്തിന്റെ ‘സുവിശേഷം’ പറയുന്ന ചെറുപ്പക്കാരനായ സംന്യാസി സവിശേഷ ശ്രദ്ധ നേടി. അവിടെനിന്നും കന്യാകുമാരിയിലേക്ക് പോയ സദാനന്ദന് പിന്നീട് അപ്രത്യക്ഷനായി. ജ്ഞാനിയാര് മലയില്‍ തപസ്സിരുന്ന അദ്ദേഹത്തെ കണ്ടെത്തി ചിറ്റൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത് വരവൂര്‍ കരുണാകര മേനോന്, കുതിരവട്ടത്ത് കുഞ്ഞിക്കുട്ടന്‍ തമ്പാന് എന്നിവരായിരുന്നു.
1900 ഡിസംബര്‍ 30 ന് പാലക്കാട് ബ്രഹ്മനിഷ്ഠാ മഠം ചിത്സഭാ മിഷന് സ്ഥാപിച്ചു. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഒരാളെ ജാതിപ്പേരും ജാത്യാചാരങ്ങളും കളയിച്ച്, മിശ്രഭോജനം നടത്തി ശിഷ്യനാക്കിയത് നാട്ടില്‍ വലിയ ചര്‍ച്ചയായി. ‘ധര്മസുവിശേഷ’വുമായി യാത്ര തുടര്‍ന്ന സ്വാമി തിരുവനന്തപുരത്ത് എത്തി. ‘സുബ്രഹ്മണ്യ അയ്യര്‍’ എന്ന യുവാവിനെ ശിഷ്യനായി സ്വീകരിച്ച് ബ്രഹ്മനിഷ്ഠാമഠം സ്ഥാപിച്ചു. 1905 ല്‍ ‘My Master’s Message to the World’ എന്ന കൃതി, സുബ്രഹ്മണ്യ അയ്യര്‍ പ്രസിദ്ധീകരിച്ചു. 1901 ല്‍ കൊട്ടാരക്കരയില്‍ കൈലാസഗിരി എന്ന പേരില്‍ സ്വാമി തപോവനം സ്ഥാപിക്കുകയും ‘അവധൂതാശ്രമം’ രൂപപ്പെടുത്തുകയും ചെയ്തു. ”അക്കാലത്ത് തിരുവനന്തപുരം നഗരത്തെയാകെ ഇളക്കിമറിച്ചുകൊണ്ട് ആബാലവൃദ്ധം പട്ടണവാസികളും സദാനന്ദ സ്വാമിയുടെ അടുത്തേയ്ക്ക് ഒഴുകിത്തുടങ്ങി”യെന്ന് പി. ഗോവിന്ദപ്പിള്ള (കേരള നവോത്ഥാനം മാധ്യമപര്‍വം) എഴുതിയിട്ടുണ്ട്.
താഴ്ത്തപ്പെട്ടവര്ക്കായി വിപ്ലവപ്രതിഷ്ഠാപനങ്ങള്
1904ല്‍ തിരുവനന്തപുരത്ത് കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് സ്വാമി നടത്തിയ പ്രസംഗമാണ് അയ്യന്‍കാളിയെ ആകര്‍ഷിച്ചതെന്ന് അയ്യന്‍കാളി ജീവചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേവര്‍ഷം സദാനന്ദ സ്വാമിയും അയ്യന്‍കാളിയും കാണുകയും തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലായി, ദളിതര്‍ക്കായി ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഉപസമാജങ്ങള് ഉണ്ടാവുകയും ചെയ്തു. അയിത്തജാതിക്കാരുടെ ദുരിതങ്ങള്‍ മഹാരാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സദാനന്ദ സ്വാമി ആവിഷ്കരിച്ച ഒരു കൗശലത്തെക്കുറിച്ച്, അയ്യന്‍കാളിയുടെ ആദ്യ ജീവചരിത്രകാരനായ ടി.എച്ച്.പി. ചെന്താരശ്ശേരി എഴുതിയിട്ടുണ്ട്.
ഒരു വിജയദശമി നാളില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഛായാ ചിത്രവുമേന്തി പൊതുനിരത്തിലൂടെ രാജദര്ശനത്തിനായി സഞ്ചരിക്കുവാന്‍ സ്വാമി സാധുജനങ്ങളെ ഉപദേശിച്ചു. സരസ്വതി പൂജാ ദിവസം, കോട്ടയ്ക്കകത്തുനിന്ന് പൂജപ്പുരയിലേക്ക് എഴുന്നള്ളിയ രാജാവ് പാവം മനുഷ്യരെ കാണുകയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. 1904ല്‍ പാച്ചല്ലൂരിലും വെങ്ങാനൂരിലും സ്വാമിയുടെ നിര്‍ദേശത്തോടെ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ബ്രഹ്മനിഷ്ഠാമഠം പുലയസമാജങ്ങള്‍ തുടങ്ങി. 1905 ഏപ്രില്‍19,20,21 തീയതികളില്‍ തിരുവനന്തപുരം നേറ്റീവ് സ്കൂളില്‍ നടന്ന ബ്രഹ്മനിഷ്ഠാമഠം വാര്‍ഷിക സമ്മേളനത്തില്‍ അധഃസ്ഥിതരുടെ പ്രതിസന്ധികള്‍ എടുത്തുകാട്ടുന്ന പ്രസംഗങ്ങള്‍ നടത്തി. എല്ലാ മതങ്ങള്‍ക്കും സ്ഥാപകരുണ്ടെങ്കിലും ‘ഡോണ്ട് ടച്ചിസം’ എന്ന മതത്തിന്റെ നായകന് ആരാണെന്നു അറിയാത്തത് അത്ഭുതമാണെന്ന് സദാനന്ദ സ്വാമി ജാതിവാദത്തെ പരിഹസിച്ചു. 1905ല്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും പുലയ സ്കൂളുകള്‍ സ്ഥാപിച്ചതും ചര്‍ച്ചയായി. 1906 ഏപ്രില്‍ 14ന് (വിഷുദിനം) തിരുവനന്തപുരം പാച്ചല്ലൂരില്‍ ദളിതര്‍ക്കായി മഹാകാളഹസ്തീശ്വരാലയം സ്ഥാപിക്കുകയും പുലയ സമുദായത്തില്‍പ്പെട്ട ഒരു യുവാവിന് ‘പരമശിവന്’ എന്ന പേരു നല്കി ശാന്തിക്കാരനായി നിയമിക്കുകയും ചെയ്തു.
ദളിത് ജനത, ദളിത് ക്ഷേത്രപ്രതിഷ്ഠയുടെ ഭാഗമായത് ആദ്യ സംഭവമായിരുന്നു. 1905ല്‍ ‘കേരളന്‍’ പത്രികയിലൂടെ സദാനന്ദ സ്വാമിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ശ്രദ്ധാകേന്ദ്രമായത്. 1905 ല്‍ മെയ് മാസത്തില്‍ സദാനന്ദ സ്വാമിയും കേരളന്‍ പ്രതിനിധിയും (ഒരു പക്ഷേ, രാമകൃഷ്ണപിള്ള തന്നെയാവാം!) നടത്തിയ സംഭാഷണം ‘കേരളനി’ല്‍ അച്ചടിച്ചുവന്നു. പിന്നീട് സദാനന്ദ സ്വാമിയോട് നൂറു ചോദ്യങ്ങള്‍ സ്വദേശാഭിമാനി ചോദിച്ചതും പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചിത്സഭകള്‍ ആരംഭിക്കുകയും അവിടങ്ങളിലെല്ലാം വേദപഠനത്തിനായി പാഠശാലകളും ആരോഗ്യരക്ഷയ്ക്കായി വൈദ്യശാലകളും ഉപജീവനത്തിനായി നെയ്ത്തുശാലകളും സ്വാമികള്‍ സ്ഥാപിച്ചു. 1907ല്‍ പന്തിരുകുലം ഉല്‍പ്പത്തി, താഴ്ത്തപ്പെട്ടവരുടെ ഉയര്‍ച്ച എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചതും മേലാള സമൂഹത്തില്‍ പ്രതിഷേധമുണര്‍ത്തി.
നാളെ: വേദഗുരുവിന്റെ ധര്‍മസഞ്ചാരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: