അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിനു സമീപത്തായി ഉയരുന്നത് പുതിയ 13 ക്ഷേത്രങ്ങള്‍. രാമക്ഷേത്രത്തോടു ചേര്‍ന്ന് ആറു ക്ഷേത്രങ്ങളും സമീപത്തായി ഏഴു ക്ഷേത്രങ്ങളും. അയോദ്ധ്യയെ രാജ്യത്തെ ഏറ്റവും വലിയ ആസൂത്രിത ക്ഷേത്രനഗരിയാക്കുകയാണ് യുപി സര്‍ക്കാരിന്റെയും രാമക്ഷേത്ര ട്രസ്റ്റിന്റെയും ലക്ഷ്യം.
യുപിയിലെത്തുന്ന വിനോദ, ആദ്ധ്യാത്മിക സഞ്ചാരികള്‍ പ്രതിവര്‍ഷം നാലു ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നാണ് എസ്ബിഐയുടെ കണക്ക്. അയോദ്ധ്യയില്‍ നിന്നു മാത്രം പ്രതിവര്‍ഷം 25,000 കോടി രൂപ നികുതിയായി യുപി സര്‍ക്കാരിന് അടുത്ത വര്‍ഷം മുതല്‍ ലഭിക്കും. യുപിയുടെ ആകെ നികുതി വരുമാനത്തിന്റെ 10 ശതമാനം അയോദ്ധ്യയില്‍ നിന്നാകും.
രാമക്ഷേത്രത്തിനു ചുറ്റുമായി നാലു ദിക്കിലും ഗണപതി, ശിവന്, സൂര്യന്, ജഗദംബ, അന്നപൂര്‍ണ, ഹനുമാന് തുടങ്ങിയ ആറു ക്ഷേത്രങ്ങളാണ് നിര്‍മിക്കുന്നത്. സീതാ രസോയിക്കു സമീപമാണ് അന്നപൂര്‍ണ ക്ഷേത്രം നിര്‍മിക്കുക. ക്ഷേത്ര സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കുന്ന ഏഴു ക്ഷേത്രങ്ങള്‍ ഭഗവാന് രാമനൊപ്പം ഉണ്ടായിരുന്നവരുടേതാണ്. വാല്മീകി, വസിഷ്ഠന്, വിശ്വാമിത്രന്, ശബരി, ജടായു തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെ ഉയരും.
ഭക്തജനപ്രവാഹം തുടരുന്നു
പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ രാമജന്മഭൂമിയിലേക്ക് ആരംഭിച്ച ഭക്തജനങ്ങളുടെ ഒഴുക്കിന് മൂന്നാം ദിനവും മാറ്റമില്ല. മൂന്നു ലക്ഷത്തോളം ഭക്തര്‍ ഇന്നലെയും രാംലല്ലയെ തൊഴുതു. മക്കയെയും വത്തിക്കാനെയും തിരുപ്പതിയെയും സുവര്‍ണ ക്ഷേത്രത്തെയും മറികടക്കുന്ന ഭക്തജനപ്രവാഹമാണ് അയോദ്ധ്യയില്‍. മാര്‍ച്ച് വരെ കേന്ദ്രമന്ത്രിമാരാരും അയോദ്ധ്യയിലേക്കു പോകരുതെന്ന് ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. പരമാവധി രാമഭക്തര്‍ക്കു ക്ഷേത്ര ദര്‍ശനം സാധ്യമാക്കാനും
തിരക്കു നിയന്ത്രിക്കാനുമാണിത്.
പ്രതിവര്‍ഷം 90 ലക്ഷം വിശ്വാസികളാണ് വത്തിക്കാനിലെത്തുന്നത്. മെക്കയിലെത്തുന്നത് രണ്ടു കോടി പേരും. സിഖ് പുണ്യക്ഷേത്രമായ സുവര്‍ണ ക്ഷേത്രം 3-3.5 കോടി ആളുകള്‍ സന്ദര്‍ശിക്കുന്നു. തിരുപ്പതിയില്‍ നാലു കോടി ഭക്തരെത്തുന്നുണ്ട്. അഞ്ചു കോടിയിലധികം ഭക്തരെയാണ് രാമക്ഷേത്രത്തിലേക്കു പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ടു ദിവസം തന്നെ 10 ലക്ഷത്തോളം പേര് അയോദ്ധ്യയിലെത്തിയെന്നാണ് കണക്ക്. ഈ സംഖ്യ ഇനിയുമുയരും. ഡിജിപി പ്രശാന്ത് കുമാറിനെ ഭക്തരുടെ ദര്‍ശനം സുഗമമാക്കുന്നതിന് അയോദ്ധ്യയിലേക്ക് മുഖ്യമന്ത്രി അയച്ചു. ആദ്യ ദിവസമുണ്ടായതിനു സമാനമായ തിക്കും തിരക്കുമൊഴിവാക്കാന് ഇതുവഴി സര്‍ക്കാരിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: