കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അഞ്ച് മാസത്തിനിടെ മൂന്ന് പേരാണ് സര്‍ക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്. ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരന് ജോസഫിന് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
പിണറായി വിജയന് പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും പഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെന്‍ഷനുകളും തൊഴിലുറപ്പ് കൂലിയും ലഭിക്കാതെ പതിനായിരങ്ങളാണ് കേരളത്തില്‍ കഷ്ടപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന പണം അര്‍ഹര്‍ക്ക് എത്തിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി പണം കൊടുക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല. പാവപ്പെട്ടവന് ക്ഷേമപെന്ഷന് കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ ധൂര്‍ത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ല. ആലപ്പുഴ നെല്‍ കര്ഷകന് ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75 ശതമാനം വിഹിതം കേന്ദ്രം കൊടുത്തിട്ടും കേരളം വിഹിതം നീക്കിവയ്ക്കാത്തത് കാരണം കര്‍ഷകര്‍ക്ക് കേന്ദ്രവിഹിതം പോലും നിഷേധിക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ ക്ഷീര കര്ഷകന് ആത്മഹത്യ ചെയ്തത് ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന വിഹിതം കിട്ടാത്തതു കൊണ്ടാണ്. ജോസഫിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം വേണം. ആത്മഹത്യാക്കുറിപ്പില്‍ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
ജോസഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തി. ജോസഫിന്റെ മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. മെഡി. കോളജില്‍ ജോസഫിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹവുമായാണ് കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: