കൊച്ചി: രാജ്യത്ത് 5,000ത്തില്‍ അധികം വരുന്ന കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 50 ലക്ഷത്തിലധികം വരുന്ന നവ വോട്ടര്‍മാരുമായി ഇന്ന് സംവദിക്കും. കേരളത്തിലെ നൂറിലധികം കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി പുതിയ വോട്ടര്‍മാരുമായി സംവദിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണ അറിയിച്ചു
കഴിഞ്ഞ 13ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉദ്ഘടനം ചെയ്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി ലക്ഷക്കണക്കിന് പുതിയ വോട്ടര്‍മാരാണ് നവ വോട്ടേഴ്സ് സമ്മേളനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 9 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണമികവ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അത് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തു വലിയ രീതിയിലുള്ള തൊഴിലവസരങ്ങളാണ് യുവാക്കളെ തേടിയെത്തിയത്. നിലവിലുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വളരെ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നടന്നിരിക്കുന്നത്. മോദിയുടെ ഭരണകാലത്തു യുവാക്കള്‍ സംതൃപ്തരാണ്. കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ പല പുതിയ കമ്പനികളും ഭാരതത്തില്‍ തങ്ങളുടെ ബ്രാഞ്ചുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് മെഡിക്കല്‍ വിഭാഗത്തില്‍ ഇരട്ടിയിലധികം പുതിയ ബിരുദ കോഴ്സുകള്‍ ആരംഭിച്ചു. പിജി കോഴ്സുകളുടെ കാര്യത്തിലും വലിയ വര്‍ധനവ് രാജ്യത്തുണ്ടായി. ഏഴ് ഐഐടികള്‍, ഏഴു ഐഐഎമ്മുകള്‍, 16 ഓള് ഇന്ത്യ മെഡിക്കല്‍ കോളജുകള്‍ എന്നിങ്ങനെ വിദ്യാഭാസ രംഗത്തും ആരോഗ്യ രംഗത്തും വലിയ നേട്ടങ്ങളാണ് രാജ്യം ഇതിനോടകം കൈവരിച്ചത്.
ഓഹരി വിപണിയില്‍ ഭാരതം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്. ഓഹരി സൂചികയില്‍ ഭാരതം നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. വികസനത്തിന്റെ കുതിച്ചു ചാട്ടമാണ് ഓരോ മേഖലയിലും നമുക്ക് കാണുവാന്‍ സാധിക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ഭസിത്കുമാര്‍, യുവമോര്‍ച്ച സംസ്ഥാന മീഡിയ കോ. കണ്‍വീനര്‍ കുമ്മനം വിഷ്ണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: